ഓൺലൈൻ ക്ലാസുകൾ ഒരുങ്ങിയില്ല: അദ്ധ്യയനം തുടങ്ങാൻ വൈകിയേക്കും

Sunday 09 May 2021 11:52 PM IST

തിരുവനന്തപുരം :കൊവിഡ് വ്യാപനത്തിൽ വീണ്ടും കാലിടറി വിദ്യാഭ്യാസ രംഗം. കൊവിഡ് രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ, ഓൺലൈനായിപ്പോലും ഇത്തവണ ജൂൺ ഒന്നിന് അദ്ധ്യയന വർഷം ആരംഭിക്കാനാവില്ല.

. കൈറ്റ് വിക്ടേഴ്സ് വഴി ഡിജിറ്റൽ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഒരു ക്ലാസ് പോലും റെക്കോർഡ് ചെയ്തിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അദ്ധ്യാപകരെ സ്റ്റുഡിയോയിലെത്തിച്ച് ക്ലാസുകൾ റെക്കോർഡ് ചെയ്യുന്നതാണ് ബുദ്ധിമുട്ട്.

കഴിഞ്ഞ വർഷം ഓൺലൈനായി ജൂൺ ഒന്നിന് തന്നെ അദ്ധ്യയന വർഷം ആരംഭിച്ചിരുന്നു. റെക്കോർഡ് ചെയ്തുവച്ചിരിക്കുന്ന ഈ ക്ലാസുകൾ തന്നെ പുതിയ അദ്ധ്യയന വർഷം പ്രയോജനപ്പെടുത്താമെങ്കിലും കുട്ടികളിൽ ആവർത്തന വിരസതയുണ്ടാകുമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. സിലബസിൽ മാറ്റം വരില്ലെങ്കിലും കഴിഞ്ഞ വർഷത്തെ പോരായ്മകൾ തിരുത്തി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ക്ലാസുകൾ തയ്യാറാക്കാനാണ് ആലോചന.

കൊവിഡ് പ്രതിരോധ, ബോധവത്കരണ പരിപാടികളാണ് വിക്ടേഴ്സിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം എന്ന് തുടങ്ങാനാകുമെന്നും തീരുമാനിച്ചിട്ടില്ല.മാറ്റിവച്ച പത്ത്, പന്ത്രണ്ട് ക്ലാസുകാരുടെ പ്രാക്ടിക്കൽ പരീക്ഷയിലും അന്തിമ തീരുമാനമായിട്ടില്ല. പുതിയ മന്ത്രസഭ അധികാരത്തിലേറിയ ശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ.

Advertisement
Advertisement