അടിപതറി അടച്ചുപൂട്ടൽ വക്കിൽ

Monday 10 May 2021 12:20 AM IST

 എൻജി. വർക്ക് ഷോപ്പുകൾ കടക്കെണിയിൽ

കൊല്ലം: കൊവിഡിൽ അടിപതറി അടച്ചുപൂട്ടലിന്റെ വക്കിലേക്ക് നീങ്ങുകയാണ് എൻജിനിയറിംഗ് വർക്ക്ഷോപ്പുകൾ. ലോക്ക്ഡൗൺ കൂടി വന്നതോടെ പലരും കടക്കെണിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വിവിധ മേഖലകളിലുള്ളവർക്ക് സർക്കാർ സഹായങ്ങൾ ലഭിച്ചെങ്കിലും എൻജിനിയറിംഗ് വർക്ക്ഷോപ്പുകാരെ പരിഗണിച്ചില്ല.

മിനി ലോക്ക്ഡൗണിന് മുമ്പ് തന്നെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽപ്പെട്ട് ഒട്ടുമിക്ക എൻജിനിയറിംഗ് വർക്ക് ഷോപ്പുകളും രണ്ടാഴ്ചയിലേറെയായി അടഞ്ഞുകിടക്കുകയാണ്. ഈമാസത്തെ കടവാടകയും കറണ്ട് ചാർജും അടയ്ക്കാൻ പലരും കടം വാങ്ങേണ്ട അവസ്ഥയിലാണ്. രണ്ട് മാസത്തിലേറെ നീണ്ട കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഒരു യൂണിറ്റ് വൈദ്യുതി പോലും ഉപയോഗിക്കാതിരുന്നിട്ടും മുൻ മാസങ്ങളിലേതിന് സമാനമായ നിരക്ക് അടയ്ക്കേണ്ടി വന്നു.

അധികമായി വാങ്ങിയ തുക തിരിച്ചുനൽകുമെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും ഒരനക്കവുമില്ല. ബഹുഭൂരിപക്ഷം എൻജിനിയറിംഗ് വർക്ക്ഷോപ്പുകളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് വാടക ഈടാക്കരുതെന്ന് സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. പക്ഷെ ആരും വാടകയിൽ നിന്ന് ഒഴിവാക്കപ്പെട്ടില്ലെന്ന് മാത്രമല്ല ചെറിയ ഇളവ് പോലും ലഭിച്ചില്ല. ഇതിന് പുറമേ ലൈസൻസ് ഫീസും കുത്തനെ ഉയർത്തി.

 പ്രാണവായു നൽകാൻ സിലിണ്ടറുകൾ

നിലയില്ലാക്കയത്തിലാണെങ്കിലും നാടിനൊപ്പം നിൽക്കുകയാണ് എൻജിനിയറിംഗ് വർക്ക് ഷോപ്പുകാർ. ഓക്സിജന് പുറമേ അത് സംഭരിക്കാനുള്ള സിലിണ്ടറുകൾക്കും ക്ഷാമം നേരിടുന്ന ഘട്ടത്തിൽ കടകളിൽ സൂക്ഷിച്ചിരിക്കുന്ന സിലിണ്ടറുകൾ വ്യവസായ വകുപ്പിന് കൈമാറി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ഇതിന് പുറമേ വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് രക്തദാനവും നടത്തും.

''

ആയിരക്കണക്കിന് പേരുടെ ഉപജീവനമാർഗമാണ് എനജിനിയറിംഗ് വർക്ക് ഷോപ്പ് മേഖല. വിലക്കയറ്റം, ലോക്ക് ഡോൺ, കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങൾ ഇവയിലെല്ലാം പെട്ട് വർക്ക് ഷോപ്പ് ഉടമകളും ജീവനക്കാരും കടുത്ത പ്രതിസന്ധിയിലാണ്. മറ്റ് വിഭാഗക്കാരെ സഹായിക്കുന്നത് പോലെ ഈ മേഖലയിലുള്ളവരെയും സഹായിക്കാൻ സർക്കാർ തയ്യാറാകണം.

മോഹനൻ വടകര, സംസ്ഥാന ചെയർമാൻ

സ്റ്റേറ്റ് എൻജി. വർക്ക് ഷോപ്പ്സ് അസോ.

Advertisement
Advertisement