ഇത്തിരി റേഷന് ഒത്തിരി കയറിയിറങ്ങണം

Monday 10 May 2021 1:32 AM IST

 എല്ലാ ഇനങ്ങളും ഒരുമിച്ച് ലഭിക്കുന്നില്ല

കൊല്ലം: റേഷൻകടകളിൽ വെള്ള അരിയുള്ളപ്പോൾ ചുവന്ന അരി ഉണ്ടാകില്ല. ഗോതമ്പുള്ളപ്പോൾ പച്ചരി കാണില്ല. ഒരുമാസത്തെ റേഷൻവിഹിതം എല്ലാം കിട്ടണമെങ്കിൽ കുറഞ്ഞത് നാല് തവണയെങ്കിലും കയറിയിറങ്ങണം.

ജനങ്ങളുടെ പുറത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ട ലോക്ക്ഡൗൺ കാലത്ത് പോലും ഒരുമിച്ച് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ പൊതുവിതരണ വകുപ്പ് തയ്യാറാകുന്നില്ല. ജില്ലയിലെ ഒട്ടുമിക്ക റേഷൻകടകളിലും മുൻഗണനാ, എ.എ.വൈ വിഭാഗങ്ങൾക്കുള്ള ഈമാസത്തെ അരി എത്തിച്ചിട്ടില്ല. ചിലയിടങ്ങളിൽ ഗോതമ്പും പച്ചരിയും സ്റ്റോക്കില്ല.

കൊവിഡ് ആശ്വാസമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അരി റേഷൻ കടകളിൽ എത്തിയിട്ടുണ്ടെങ്കിലും വിതരണത്തിനുള്ള ക്രമീകരണം ഇ- പോസ് യന്ത്രത്തിൽ വന്നിട്ടില്ല. മൈനസ് സംവിധാനം റദ്ദാക്കിയതിനാൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അരി വിഹിതം ഈമാസത്തെ റേഷൻ വിതരണത്തിന് ഉപയോഗിക്കാനാവുന്നില്ല.

 തോന്നിയപോലെ സപ്ളൈകോ

എല്ലാകടകളിലും ഏതൊക്കെ ഇനം എത്രമാത്രം സ്റ്റോക്കുണ്ടെന്ന് ഇ- പോസ് സോഫ്ട്‌വെയറിലൂടെ കൃത്യമായി മനസിലാക്കാം. ഒരുമാസത്തെ റേഷൻ വിതരണത്തിന് ഓരോ കടകളിലും ഓരോ ഇനങ്ങൾ എത്രമാത്രം വേണമെന്നും അറിയാനാകും. ഇത് കണക്കാക്കി വിതരണം ചെയ്യുന്നതിന് പകരം ഭക്ഷ്യധാന്യങ്ങളുടെ വിതരണ ചുമതലയുള്ള സപ്ലൈകോ തോന്നും പോലെയാണ് റേഷൻകടകളിൽ സാധനങ്ങൾ എത്തിക്കുന്നത്.

 കൂലിയില്ല, നേർചിത്രം ഇങ്ങനെ

1. ലോക്ക്ഡൗൺ പ്രമാണിച്ച് സർക്കാർ വീണ്ടും കിറ്റ് പ്രഖ്യാപിച്ചു

2. റേഷൻകട ഉടമകൾക്ക് കിറ്റ് വിതരണത്തിന്റെ എട്ടുമാസത്തെ കൂലി ലഭിച്ചിട്ടില്ല

3. ഒരു കിറ്റ് വിതരണം ചെയ്യുന്നതിന് അഞ്ചുരൂപയാണ് കൂലി

4. കടയിൽ സൗകര്യമില്ലാത്തതിനാൽ കിറ്റുകൾ സംഭരിക്കുന്നത് വാട കെട്ടിടത്തിൽ

5. കമ്മിഷൻ കടവാടകയായി കൊടുക്കേണ്ട അവസ്ഥ

6. വിരൽ പതിക്കലിന് പൊതുവിതരണ വുകപ്പിന്റെ ഇളവില്ല

7. കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് സന്നദ്ധ പ്രവർത്തകർ വഴി റേഷൻ എത്തിക്കാനും സംവിധാനമില്ല

''

അദ്യ വ്യാപനഘട്ടത്തിൽ ഇ - പോസ് യന്ത്രത്തിൽ വിരൽ പതിക്കൽ ഒഴിവാക്കി മാനുവലായി വിതരണം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ കൊവിഡ് ഭയപ്പെടുത്തി പടരുമ്പോഴും വിരൽ പതിക്കേണ്ട അവസ്ഥയാണ്.

ഉപഭോക്താക്കൾ

Advertisement
Advertisement