കൊടിയുടെ നിറം നോക്കാതെ രക്ഷകരായി ഡി വൈ എഫ് ഐ പ്രവർത്തകർ! കുഴഞ്ഞുവീണ ബി ജെ പി പ്രവർത്തകനായ കൊവിഡ് ബാധിതനെ ആശുപത്രിയിലെത്തിച്ചു

Monday 10 May 2021 1:05 PM IST

പാലക്കാട്: വീട്ടിൽ കുഴഞ്ഞുവീണ കൊവിഡ് രോഗിയെ വാർഡ് മെമ്പറും ഡി വൈ എഫ് ഐ പ്രവർത്തകരും ചേർന്ന് ആശുപത്രിയിലാക്കി. പാലക്കാട് ആണ് സംഭവം. ബിജെപി പ്രവർത്തകനായ വിഭൂഷാണ് വീട്ടിൽ കുഴഞ്ഞു വീണത്. വിവരമറിഞ്ഞയുടൻ ഡി വൈ എഫ് ഐ പ്രവർത്തകർ ആംബുലൻസിന് കാത്തു നിൽക്കാതെ വേഗത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കൊവിഡ് ബാധിതരായ വിഭൂഷും ഭാര്യ അജനയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെയാണ് യുവാവ് വീട്ടിൽ കുഴഞ്ഞുവീണത്. ഉടൻ വീട്ടുകാർ പെരുവെമ്പ് പഞ്ചായത്തിന്റെ ഹെൽപ് ഡെസ്‌കിലേക്ക് വിളിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്താൻ 30 മിനിറ്റെങ്കിലുമാകുമെന്ന് അധിക‌ൃതർ അറിയിക്കുകയായിരുന്നു. സ്വകാര്യ ആബുലൻസ് സർവീസ് നടത്തുന്ന ആളെ വിളിച്ചെങ്കിലും മറ്റൊരു രോഗിയേയും കൊണ്ട് നെന്മാറയിലേക്ക് പോയിരുന്നു.

ഇതോടെയാണ് വാർഡ് മെമ്പറായ സുരേഷും, ഡിവൈഎഫ്‌ഐ പ്രവർത്തകരായ കെ. സന്ദീപ്, ആർ തേജസ് എന്നിവർ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. സുരേഷിന്റെ ഒമ്‌നി വാനിൽ പി പി ഇ കിറ്റ് ധരിച്ചെത്തിയ സന്ദീപും തേജസും വിഭൂഷിനെ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഓട്ടോ ഡ്രൈവറാണ് വിഭൂഷ്. അജന കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെരുവെമ്പ് അഞ്ചാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.