മദ്യപിക്കാതാവുന്നതിന്റെ മൂന്നാം നാൾ മുതൽ രോഗം പ്രത്യക്ഷപ്പെടും, കൊവിഡ് ദുരിതത്തിനിടയിൽ മലയാളിക്ക് മറ്റൊരു പ്രശ്നം കൂടി നേരിടേണ്ടി വരുന്നതായി റിപ്പോർട്ട്

Monday 10 May 2021 1:08 PM IST

കൊല്ലം: വിദേശമദ്യ ശാലകൾ അടച്ച് ഒരാഴ്ച പിന്നിടുമ്പോൾ മദ്യം ശീലമാക്കിയ മലയാളിക്ക് വിടുതൽ ലക്ഷണങ്ങൾ (വിത്‌ഡ്രോവൽ സിൻഡ്രം) വർദ്ധിക്കുന്നു. വിവിധ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും നൂറുകണക്കിന് പേരാണ് ദിവസവും ചികിത്സയ്ക്കെത്തുന്നത്. ഇവരിൽ ഭൂരിഭാഗവും 35നും 65 നും ഇടയിൽ പ്രായമുള്ളവരാണ്.

ലോക്ക്ഡൗണിൽ പലർക്കും വീടിന് പുറത്തിറങ്ങാൻ പറ്റാതായതോടെ ഗൃഹാന്തരീക്ഷവും അസുഖകരമായിട്ടുണ്ട്. സ്ഥിരം മദ്യപാനികളിലാണ് രോഗലക്ഷണങ്ങൾ കൂടുതലായി കാണുന്നത്.

മദ്യപിക്കാതാവുന്നതിന്റെ മൂന്നാം നാൾ മുതൽ രോഗം പ്രത്യക്ഷപ്പെടും. മസ്തിഷ്‌ക്കത്തെയാണ് ബാധിക്കുക. ഡെലീറിയം ട്രെമെന്റ്‌സ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഈ സമയത്ത് പലതരത്തിലുള്ള വിഭ്രാന്തിയാണ് ഇത്തരക്കാർ കാണിക്കുക.

കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാൻ സർക്കാർ ആലോചിച്ചിരുന്നു. ഹൈക്കോടതി ഇടപെടലോടെ ഇത് വേണ്ടെന്നു വച്ചു. ബെവ്ക്യൂ ആപ്പ് വഴി മദ്യവിതരണം തുടങ്ങിയതോടെയാണ് പ്രശ്‌നപരിഹാരമായത്.

ലക്ഷണങ്ങൾ

1. ആത്മഹത്യാ പ്രവണത

2. ശരീരമാകെ വിറയ്ക്കുക,​ വീഴുമെന്ന അവസ്ഥ

3. ഭക്ഷണം കഴിക്കാതാകുക

4. കുടുംബാംഗങ്ങളോട് ദേഷ്യപ്പെടുക

5. ആക്രമണോത്സുകരാകുക

6. അസ്വാഭാവിക പെരുമാറ്റം

പ്രതിവിധി

1. ചെറിയ പ്രശ്‌നമുള്ളവർക്ക് ലഹരിമോചന ചികിത്സ നൽകാം
2. നിത്യ മദ്യപാനികൾക്ക് ഇത്തരം ചികിത്സ ഫലം ചെയ്യില്ല
3. ഇവർക്ക് ഡോക്ടറുടെ കുറിപ്പിൽ നിശ്ചിത അളവിൽ മദ്യം നൽകണം

Advertisement
Advertisement