44 അംഗ മന്ത്രിസഭയുമായി ചുമതലയേ‌റ്റ് ബംഗാളിൽ മമത, അസമിൽ ഹിമന്ത ബിശ്വ ശർമ്മ അധികാരമേ‌റ്റു

Monday 10 May 2021 4:22 PM IST

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ 43 സാമാജികരെ ചേർത്ത് മമതാ ബാനർജി മന്ത്രിസഭാ രൂപീകരണം പൂർത്തിയാക്കി. സംസ്ഥാനത്ത് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേ‌റ്റു. ക്യാബിനറ്റ് റാങ്കുള‌ള 24 മന്ത്രിമാരും സ്വതന്ത്ര ചുമതലയുള‌ള പത്ത് സഹമന്ത്രിമാരും പുറമേ മുൻ ക്രിക്ക‌റ്റർ മനോജ് തിവാരി ഉൾപ്പടെ 10 സഹമന്ത്രിമാരുമടങ്ങുന്നതാണ് പുതിയ മന്ത്രിസഭ.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ലളിതമായി നടന്ന ചടങ്ങിൽ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പിന് ശേഷം ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ബംഗാളിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കെ തന്നെയാണ് ഇന്ന് മന്ത്രിസഭാ സത്യപ്രതിജ്ഞ നടന്നത്.

അമിത് മിത്ര, ബ്രത്യ ബാസു, രതിൻ ഘോഷ് എന്നിവർ വെർച്വൽ രീതിയിൽ സത്യ‌പ്രതിജ്ഞ ചെയ്യുകയായിരുന്നു. ശരീര സുഖമില്ലാത്തതിനാലാണ് അമിത് മിത്രയ്‌ക്ക് എത്താനാകാത്തത്. മറ്റ് രണ്ടുപേരും കൊവിഡ് രോഗ ചികിത്സയിലായതിനാലും. മുൻപ് തിരഞ്ഞെടുപ്പിന് ശേഷം മമതാ ബാനർജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ബംഗാളിന്റെ ഇരുപത്തിയൊന്നാമത് മുഖ്യമന്ത്രിയാണ് മമത.

തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാംവട്ടവും അധികാരത്തിൽ തിരിച്ചെത്തിയ അസമിൽ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യ‌പ്രതിജ്ഞ ചെയ്‌തു. അസമിലെ ശ്രീമന്ത ശങ്കർദേവ കലാക്ഷേത്രയിൽ നടന്ന ചടങ്ങിൽ അസം ഗവർണർ ജഗ്‌ദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ് സോനോവാളിനെയും ഹിമന്ത ബിശ്വ ശർമ്മയെയും സംസ്ഥാനത്തെ വിജയത്തിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഹിമന്ത ബിശ്വ ശർമ്മയെ അസം മുഖ്യമന്ത്രിയായി നിശ്ചയിച്ചു. സർബാനന്ദ് സോനോവാളിന് അടുത്ത പുനസംഘടനയിൽ കേന്ദ്ര മന്ത്രി സ്ഥാനം നൽകുമെന്നാണ് വിവരം.

Advertisement
Advertisement