റൊമാനിയക്കാരേ, വാക്സിൻ വേണോ? വിട്ടോളൂ ഡ്രാക്കുള കോട്ടയിലേക്ക്

Tuesday 11 May 2021 2:16 AM IST

ബുചാറസ്റ്റ്: ട്രാൻസൽവാനിയയിലെ കാർപാത്യൻ മലനിരകളിൽ ഭയത്തിന്റെ അടയാളമായി നിലകൊള്ളുന്ന ഡ്രാക്കുള കൊട്ടാരത്തിൽ നിന്ന് ഇറങ്ങി വരുന്നവരുടെയെല്ലാംകൈകളിൽ ഒരിറ്റ് രക്തം പൊടിഞ്ഞിരുന്നു. രക്തദാഹിയായ കൗണ്ട് ഡ്രാക്കുള കോട്ട സന്ദർശിച്ചവരുടെ രക്തം ഊറ്റിക്കുടിച്ചതിന്റെ ശേഷിപ്പുകളായിരുന്നില്ല അത്. കൊവിഡ് വാക്സിൻ കുത്തിവച്ചതിന്റെ പാടുകളായിരുന്നു. ജനങ്ങളെ ആകർഷിക്കാനായാണ് റൊമാനിയൻ സർക്കാർ ഡ്രാക്കുള കോട്ടയിൽ വച്ച് വാക്സിൻ നൽകുന്നത്. ഫൈസർ വാക്സിനാണ് സൗജന്യമായി ജനങ്ങൾക്ക് നൽകുന്നത്. കോട്ടയിൽ കൊവിഡ് മൂലം സന്ദർശകർ കുറഞ്ഞിരുന്നു. വാക്സിൻ പ്രക്രിയ ആരംഭിച്ചതോടെ സന്ദർശകരും കോട്ടയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കോട്ടയിൽ എത്തുന്ന എല്ലാ പ്രദേശവാസികൾക്കും വാക്സിൻ ലഭിക്കും. സെപ്തംബറോടെ പത്ത് ദശലക്ഷം പേർക്ക് വാക്സിൻ വിതരണം ചെയ്യുമെന്ന് റൊമാനിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement