കാസർകോട്ട് ഓക്സിജൻ ക്ഷാമം രൂക്ഷം

Tuesday 11 May 2021 12:16 AM IST

കാസർകോട്: മംഗളൂരു ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവിനെ തുടർന്ന് അവിടെ നിന്നുള്ള ഓക്സിജൻ വിതരണം നിർത്തിവച്ചതോടെ കാസർകോട്ടെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി. ചെങ്കളയിലെ ഇ.കെ.നായനാർ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ സൺറൈസ് ആശുപത്രിയിലും ഇന്നലെ ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തിയെങ്കിലും വൈകിട്ടോടെ കണ്ണൂരിൽ നിന്നെത്തിച്ച് താത്കാലിക പരിഹാരമുണ്ടാക്കി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടിട്ടുണ്ട്.

ഓക്സിജൻ ക്ഷാമം നേരിട്ടതിനെ തുടർന്ന് ചില സ്വകാര്യ ആശുപത്രികൾ രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യുന്ന അവസ്ഥയിലെത്തിയിരുന്നു. കാസർകോട് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് എട്ട് രോഗികളെ ഇത്തരത്തിൽ ഡിസ്ചാർജ് ചെയ്യാൻ ഒരുങ്ങിയതായി വിവരമുണ്ട്. ഇവിടെ മറ്റു സ്വകാര്യ ആശുപത്രികളിലും ഓക്സിജൻ ക്ഷാമം രൂക്ഷമാണ് .കാഞ്ഞങ്ങാട് നിന്ന് ഓക്സിജൻ എത്തിച്ച് ചെങ്കള ഇ.കെ. നായനാർ സഹകരണ ആശുപത്രിയിലെ ക്ഷാമം തത്കാലം പരിഹരിക്കുകയായിരുന്നു. കണ്ണൂർ ആന്തൂരിലെ കമ്പനിയിൽ നിന്ന് 65 സിലിണ്ടറുകൾ എത്തിച്ചാണ് കാസർകോട്ടെ ഓക്സിജൻ ക്ഷാമം പരിഹരിച്ചത്. രാവിലെ 40 സിലിണ്ടറും ഉച്ചയ്ക്ക് ശേഷം 25 സിലിണ്ടറുകളുമാണ് എത്തിച്ചത്. മംഗളൂരുവിൽനിന്ന് ഓക്സിജൻ എത്തിക്കുന്ന കമ്പനിയോട് ഡെപ്യൂട്ടി കമ്മിഷണർ വിതരണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതാണ് ക്ഷാമത്തിന് കാരണം. ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പു തരുമെങ്കിൽ ഓക്സിജൻ സിലിണ്ടർ നൽകാമെന്ന് ഒടുവിൽ ദക്ഷിണ കന്നഡ ഡെപ്യുട്ടി കമ്മിഷണർ അറിയിച്ചിട്ടുണ്ടെന്ന് പറയുന്നു.

ഓക്സിജൻ വാർ റൂം തയ്യാറാക്കി

ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ഓക്സിജൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഓക്സിജൻ വാർ റൂം സജ്ജമാക്കി. കാഞ്ഞങ്ങാട് സയൻസ് പാർക്കിലെ ഡി.പി.എം.എസ്.യുവിലാണ് 24 മണിക്കൂറും ഓക്സിജൻ വാർ റൂം പ്രവർത്തിക്കുകയെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. എ.ഡി.എം, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ, ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ എന്നിവരാണ് ഓക്സിജൻ വാർ റൂമിലെ നോഡൽ ഓഫീസർമാർ.