കേരള കോൺഗ്രസ്-എമ്മിന് ഒരു മന്ത്രി സ്ഥാനം മാത്രം

Tuesday 11 May 2021 4:45 AM IST

ഒരംഗം വീതമുള്ള എല്ലാ കക്ഷികൾക്കും മന്ത്രി സാദ്ധ്യത വിരളം

തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിന് ഒരു മന്ത്രിയെയാവും ലഭിക്കുകയെന്ന് സൂചന. ഒരംഗം വീതമുള്ള എല്ലാ ചെറുകക്ഷികൾക്കും മന്ത്രിസ്ഥാനത്തിനുള്ള സാദ്ധ്യത വിരളം. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി ഇന്നലെ എ.കെ.ജി സെന്ററിൽ നടന്ന ഉഭയകക്ഷി ചർച്ചകളിൽ സി.പി.എം ഇതുസംബന്ധിച്ച സൂചന നൽകി.

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ആവശ്യപ്പെട്ടെങ്കിലും പരിമിതികൾ സി.പി.എം നേതൃത്വം ബോദ്ധ്യപ്പെടുത്തി. മദ്ധ്യകേരളത്തിലെ അവരുടെ സ്വാധീനം വിലമതിക്കുന്നതായി വ്യക്തമാക്കിയ സി.പി.എം , 17ന്റെ ഇടതുമുന്നണി യോഗത്തിന് മുമ്പായി വീണ്ടും കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞത്. ഗവ.ചീഫ് വിപ്പിനെയും അനുവദിച്ചേക്കാമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യം ചർച്ചയായില്ല.

മൂന്നിടത്ത് മത്സരിച്ച് കൂത്തുപറമ്പിൽ മാത്രം വിജയിച്ച ലോക് താന്ത്രിക് ജനതാദളിനോട്, മന്ത്രിസ്ഥാനം നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സി.പി.എം വിശദീകരിച്ചു. എൽ.ജെ.ഡി മൂന്ന് എം.എൽ.എമാരുമായി എത്തുമെന്നാണ് പ്രതീക്ഷിച്ചതെന്നും പറഞ്ഞു. സംസ്ഥാനമാകെ പാർട്ടിക്കുള്ള സ്വാധീനം എൽ.ജെ.ഡി നേതൃത്വം വിവരിച്ചു. രണ്ട്

ജനതാദൾ ഗ്രൂപ്പുകളും ലയിക്കാമായിരുന്നില്ലേയെന്നും ജെ.ഡി.എസ് അതിന് തയ്യാറായിരുന്നല്ലോയെന്നും സി.പി.എം നേതാക്കൾ ആരാഞ്ഞു. രണ്ട് പാർട്ടികൾക്കും അതിന് നിയമപരമായ തടസങ്ങളുണ്ടെന്നായിരുന്നു മറുപടി. രണ്ടും ദേശീയ പാർട്ടികളാണ്. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാർത്ഥികൾക്കുള്ള ഫോം എയും ബിയും അനുവദിക്കുന്നത്. സംസ്ഥാനത്ത് മാത്രമായി രണ്ട് ഗ്രൂപ്പുകളും ലയിച്ചാൽ എം.എൽ.എമാർ അയോഗ്യരാക്കപ്പെടുമെന്നും വ്യക്തമാക്കി.

ജനതാദൾ-എസ്, എൻ.സി.പി നേതൃത്വങ്ങളുമായും ചർച്ച നടന്നു. എൽ.ജെ.ഡിയുമായുള്ള ലയനസാദ്ധ്യത ജെ.ഡി.എസിനോടും ആരാഞ്ഞു. തങ്ങൾ തയ്യാറായിട്ടും അവർ പുച്ഛിക്കുകയാണുണ്ടായതെന്ന് ജെ.ഡി.എസ് നേതൃത്വം അറിയിച്ചു.. ജെ.ഡി.എസിനും എൻ.സി.പിക്കും രണ്ടംഗങ്ങൾ വീതമുള്ളതിനാൽ മന്ത്രിസ്ഥാനമുണ്ടാകും. ജെ.ഡി.എസ് മന്ത്രിയുടെ തീരുമാനം പാർട്ടി അദ്ധ്യക്ഷൻ ദേവഗൗഡയ്ക്ക് വിട്ടേക്കും. എൻ.സി.പി മന്ത്രിയെ നിശ്ചയിക്കാനായി 18ന് രാവിലെ പാർട്ടി നേതൃയോഗം അഖിലേന്ത്യാ ജനറൽസെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിദ്ധ്യത്തിൽ ചേരും. ഇരു പാർട്ടികളിലും രണ്ട് എം.എൽ.എമാർക്കും മന്ത്രിസ്ഥാനത്തിന് ആഗ്രഹമുള്ളതിനാൽ തർക്കമായേക്കും.ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്-ബി,കോൺഗ്രസ് എസ് കക്ഷികളുമായി ഇന്നാണ് ചർച്ച.

ഗണേശ് ചെയർമാൻ,

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു

ആർ. ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തെ തുടർന്ന് കേരള കോൺഗ്രസ്-ബി ചെയർമാനായി കെ.ബി. ഗണേശ് കുമാർ എം.എൽ.എയെ ഇന്നലെ കൊട്ടാരക്കര വാളകത്തെ വസതിയിൽ ചേർന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗം നിശ്ചയിച്ചു. പാർട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്ന് രേഖാമൂലം ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement