നിർമ്മാതാവ് കെ.എസ്.ആർ മൂർത്തി അന്തരിച്ചു

Tuesday 11 May 2021 12:44 AM IST

ചെന്നൈ: പ്രമുഖ മലയാള ചലച്ചിത്ര നിർമ്മാതാവ് കെ.എസ്.ആർ മൂർത്തി അന്തരിച്ചു. 86 വയസായിരുന്നു. കോയമ്പത്തൂരിനു സമീപം പോത്തന്നൂരിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകൻ കെ.എസ്. സേതുമാധവന്റെ സഹോദരനാണ്.

പണിതീരാത്ത വീട്, കന്യാകുമാരി, അമ്മ എന്ന സ്ത്രീ, ഒരു പെണ്ണിന്റെ കഥ, ജീവിക്കാൻ മറന്നുപോയ സ്ത്രീ, ഓർമ്മകൾ മരിക്കുമോ, അമ്മേ അനുപമേ, അഴകുള്ള സലീന, ഇൻക്വിലാബ് സിന്ദാബാദ് തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച നിരവധി സിനിമകളുടെ നിർമ്മാതാവാണ്. തമിഴിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത എം.ജി.ആറിന്റെ സൂപ്പർഹിറ്റ് ചിത്രമായ നാളൈ നമതെ നിർമ്മിച്ചതും മൂർത്തിയാണ്. ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ ഈ സിനിമകൾ ചലച്ചിത്രനിർമ്മാണ രംഗത്ത് മൂർത്തിക്ക് വേറിട്ട ഇടം നൽകി.

1970 ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അമ്മയെന്ന സ്ത്രീ ആണ് ആദ്യചിത്രം. പ്രേംനസീർ, സത്യൻ, കെ.ആർ.വിജയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ചിത്രാഞ്ജലി എന്ന നിർമ്മാണ കമ്പനിയുമായി സിനിമാരംഗത്തേക്കുള്ള പ്രവേശം. ദീർഘനാളായി പോത്തന്നൂരിലായിരുന്നു താമസം. വിജയലക്ഷ്മിയാണ് മകൾ.