പുലി ആക്രമിച്ച കുട്ടിയാനയ്ക്ക് കോട്ടൂരിൽ വിദഗ്ദ്ധ ചികിത്സ

Tuesday 11 May 2021 12:48 AM IST

മൂന്നാർ: കഴിഞ്ഞ മാസം 21ന് ഇടമലക്കുടിയിലെ വനത്തിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയാനയെ വിദഗ്ദ്ധ പരിചരണത്തിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലായിരിക്കും തുടർ പരിചരണം.

പുലിയുടെ ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന തള്ളയാന ചെരിഞ്ഞിരുന്നു. തനിച്ചായ കുട്ടിയാനയെ വനം വകുപ്പിന്റെ കീഴിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ ഇഡലിപ്പാറയിൽ നിന്ന് ദേവികുളത്ത് എത്തിക്കുകയായിരുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. നിഷാ റേച്ചലിന്റെ നേതൃത്വത്തിൽ ചികിത്സ നൽകുകയും ആർ.ആർ.ടി സംഘം പരിചരിച്ചുവരികയുമായിരുന്നു. പിക്ക്‌അപ്പ് വാഹനത്തിന്റെ പിറകിൽ തടികൾ കൊണ്ടുള്ള പ്രത്യേക കൂട് ക്രമീകരിച്ചായിരുന്നു യാത്ര.