സർക്കാരിനെതിരായ വാട്ട്സ് ആപ്പ് സന്ദേശത്തിന്റെ പേരിൽ നടപടി എടുക്കാനാവില്ല: ഹൈക്കോടതി

Tuesday 11 May 2021 12:00 AM IST

കൊച്ചി: ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്നതിനെ അനുകൂലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വകാര്യ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സന്ദേശം ഷെയർ ചെയ്തെന്ന പേരിൽ തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കാൻ കെ.എസ്.ഇ.ബി കാഷ്യർ കണ്ണൂർ സ്വദേശി പി.വി. രതീഷ് നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

ഹർജിക്കാരനെതിരായ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കാനും നിർദ്ദേശിച്ചു. കെ.എസ്.ഇ.ബി സർക്കാർ വകുപ്പല്ല, കമ്പനിയാണ്. ഇൗ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ വാട്ട്സ് ആപ്പിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരാമർശം നടത്തിയെന്ന പേരിൽ എങ്ങനെ അച്ചടക്ക നടപടിയെടുക്കാൻ കഴിയുമെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.

വാട്ട്സ് ആപ്പ് സന്ദേശത്തിന്റെ പേരിൽ 2016 സെപ്തംബർ 29 മുതൽ ഡിസംബർ 19 വരെയാണ് സസ്പെൻഡ്‌ ചെയ്തത്. സസ്പെൻഷൻ കാലാവധി പിന്നീട് അവധിയായി കണക്കാക്കി. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
Advertisement