വിജിലൻസ് ഡയറക്ടറുടെ മകൾക്കെതിരായ കേസിൽ കുറ്റപത്രം നൽകിയേക്കും
Monday 10 May 2021 10:59 PM IST
തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിന്റെ മകൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയേക്കും. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ചിന് തീരുമാനമെടുക്കാമെന്ന് ഡി.ജി.പി അറിയിച്ചു. സർക്കാരിന്റെ അഭിപ്രായംകൂടി തേടിയിട്ടാവും കുറ്റപത്രം നൽകുക. പൊലീസ് മേധാവി സ്ഥാനത്തേക്ക് ടോമിൻ തച്ചങ്കരിക്കൊപ്പം സുധേഷ് കുമാറിനെയും പരിഗണിക്കുന്നുണ്ട്.
പൊലീസ് ഡ്രൈവറായ ഗവാസ്കറെ മകൾ പരസ്യമായി കൈയേറ്റം ചെയ്തെന്നാണ് കേസ്. മകളെ ഡ്രൈവർ കടന്നുപിടിച്ചെന്ന പരാതി സുധേഷും നൽകിയിട്ടുണ്ട്. കുറ്റപത്രം നൽകാമെന്നും മകളുടെ പരാതിയിൽ കഴമ്പില്ലെന്നുമാണ് ക്രൈംബ്രാഞ്ച് എസ്.പി പ്രകാശൻ കാണി വസ്തുതാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ഇതു ശരിവച്ചുള്ള നിയമോപദേശം അഡ്വക്കറ്റ് ജനറലും നേരത്തെ നൽകിയിരുന്നു.