ഇത് എമർജൻസി ലോക്ക്‌ഡൗൺ

Tuesday 11 May 2021 12:00 AM IST

തിരുവനന്തപുരം: ഒന്നാമത്തെ ലോക്ക്‌ഡൗണും ഇപ്പോൾ നടപ്പിലാക്കുന്ന ലോക്ക്‌ഡൗണും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തേത് പ്രിവന്റീവ് ലോക്ക്‌ഡൗൺ ആയിരുന്നു. ആ ഘട്ടത്തിൽ രോഗം പ്രധാനമായും പുറത്തുനിന്നു വരുന്ന അവസ്ഥയായിരുന്നു. സാമൂഹവ്യാപനം ഒഴിവാക്കാനായിരുന്നു ആദ്യ ലോക്ക്‌ഡൗൺ വഴി ശ്രമിച്ചത്. ഇപ്പോഴത്തേത് എമർജൻസി ലോക്ക്‌ഡൗണാണ്. ഇവിടെത്തന്നെയുള്ള സമ്പർക്കംവഴി രോഗം പടരുന്നു. മരണങ്ങൾ കുറയ്ക്കുകയാണ് ഈ ലോക്ക്ഡൗണിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാസ് നൽകുന്ന പൊലീസ് സംവിധാനം ശനിയാഴ്ച നിലവിൽവന്നു. 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ക്ഡൗണിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

വീട്ടുജോലിക്കാർ, ഹോംനഴ്‌സുമാർ, തൊഴിലാളികൾ എന്നിങ്ങനെയുളളവർ അപേക്ഷിച്ചാൽ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പണം തടസാകില്ല

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് പണം തടസമാകില്ല. പ്ലാൻ ഫണ്ടിൽ നിന്നു തുക ഉപയോഗിക്കാം. ഇതിനായി തദ്ദേശ വകുപ്പിന്റെ ഉത്തരവുണ്ട്. പൈസയില്ലാത്തതുകൊണ്ട് അവശ്യ കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകരുത്. 161 പഞ്ചായത്തുകളിൽ കുടുംബശ്രീ ഹോട്ടലുകളില്ല. ഈ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കും.