കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ കുളിപ്പിച്ചു: പത്ത് പേർക്കെതിരെ കേസ്

Tuesday 11 May 2021 12:12 AM IST

തൃശൂർ: കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിച്ച ശേഷം മതാചാരച്ചടങ്ങുകൾ നടത്തി പ്രോട്ടോക്കോൾ ലംഘിച്ച സംഭവത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. ആംബുലൻസ് ഡ്രൈവർക്കും പരേതയുടെ ഭർത്താവ് അടക്കമുള്ളവർക്കും തൃശൂർ ശക്തൻ നഗറിലെ എം.ഐ.സി പള്ളി അധികൃതർക്കുമെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മരിച്ച വരവൂർ കുമരപ്പനാൽ പതിപറമ്പിൽ ഉമ്മറിന്റെ ഭാര്യ ഖദീജയുടെ (53) മൃതദേഹം ഇന്നലെ രാവിലെയാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ പള്ളിയിലെത്തിച്ചത്. പ്രോട്ടോക്കോൾ പ്രകാരം പ്‌ളാസ്റ്റിക് കവറിൽ പൊതിഞ്ഞിരുന്ന മൃതദേഹം പുറത്തെടുത്താണ് കുളിപ്പിച്ച് ആചാരം നടത്തിയത്. വിവരമറിഞ്ഞ് കളക്ടർ എസ്. ഷാനവാസും ആരോഗ്യവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. ചടങ്ങുകൾ തടഞ്ഞ ശേഷം മൃതദേഹം പഞ്ചായത്ത് അധികൃതരുടെ കൂടി സഹകരണത്തോടെ കാഞ്ഞിരശ്ശേരി ജുമാ മസ്ജിദിൽ ഉച്ചയോടെ കബറടക്കി. ആംബുലൻസ് കസ്റ്റഡിയിലെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും നിയമവിരുദ്ധപ്രവർത്തനം നടത്തിയതിനും കളക്ടറുടെയും ഡി.എം.ഒയുടെയും സെക്ടർ മജിസ്‌ട്രേട്ടിന്റെയും നിർദ്ദേശപ്രകാരം നെടുപുഴ പൊലീസാണ് കേസെടുത്തത്. മേയർ എം.കെ.വർഗീസ്, ഡി. എം.ഒ. ഡോ.കെ.ജെ. റീന എന്നിവരും സ്ഥലത്തെത്തിയിരുന്നു. കൊവിഡ് ബാധിച്ച ഖദീജ ഒരാഴ്ചയായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു: മക്കൾ: സീനത്ത്, ഷറഫുദീൻ, നിസാമുദീൻ.

കൊവിഡ് രോഗി മരിച്ചാൽ വളരെ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വളരെവേഗം സംസ്‌കരിക്കണം. പ്രോട്ടോകാൾ പാലിക്കാതെ മൃതദേഹം സംസ്‌കരിക്കുന്നത് അനുവദിക്കാനാവില്ല. കൊവിഡ് ബാധിച്ച് മരിക്കുന്ന സംഭവങ്ങളിൽ പലയിടത്തും പ്രോട്ടോകാൾ ലംഘിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. അതിനിടയിലാണ് ഈ സംഭവമുണ്ടായത്.

എസ്. ഷാനവാസ് ജില്ലാ കളക്ടർ