പൊലീസ് പാസിന് അപേക്ഷ 3,10,535, അനുമതി 32,641 പേർക്ക്

Tuesday 11 May 2021 12:00 AM IST

തിരുവനന്തപുരം: ലോക്ക് ഡൗണിൽ യാത്ര ചെയ്യുന്നതിന് പൊലീസിന്റെ ഓൺലൈൻ പാസിനായി ഇന്നലെ രാത്രി ഏഴുവരെ അപേക്ഷിച്ചത് 3,10,535 പേർ. ഇതിൽ 32,641 പേർക്ക് പാസ് നൽകി. 2,21,376 അപേക്ഷ നിരസിച്ചു. 56,518 അപേക്ഷകൾ പരിഗണനയിലാണ്.

അത്യാവശ്യമുള്ള യാത്രകൾക്ക് മാത്രമേ പൊലീസ് ഇ-പാസ് അനുവദിക്കൂവെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. അവശ്യവിഭാഗത്തിൽപ്പെട്ടവർക്ക് സാധുതയുള്ള തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ വേറെ പാസ് ആവശ്യമില്ല. വീട്ടുജോലിക്കാർ, ഹോം നേഴ്സ് എന്നിവരുൾപ്പെടെയുള്ള തൊഴിലാളികൾക്കായി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം.

മരുന്ന്, ഭക്ഷ്യവസ്തുക്കൾ വാങ്ങൽ മുതലായ അത്യാവശ്യകാര്യങ്ങൾക്ക് സത്യവാങ്മൂലം മതിയാകും. അവശ്യ വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് കരുതണം.