സിഗ്നൽ തെറ്റിച്ചുവന്ന മി​നി​ ലോറി​ സ്കൂട്ടറിലിടിച്ച് നഴ്സിന് ദാരുണാന്ത്യം

Tuesday 11 May 2021 12:20 AM IST

കൊച്ചി​: അരൂർ - ഇടപ്പള്ളി​ ബൈപ്പാസിൽ മാടവന ജംഗ്ഷനി​ൽ സി​ഗ്നൽ തെറ്റി​ച്ചു വന്ന മി​നി​ ലോറി​ സ്കൂട്ടറി​ൽ ഇടി​ച്ച് നെട്ടൂർ വി​.പി​.എസ് ലേ‌ക്‌ഷോർ ആശുപത്രി​യി​ലെ സ്റ്റാഫ് നഴ്സ് ചേർത്തല വാരണംകണ്ടത്തി​ൽ വീട്ടി​ൽ അനു തോമസ് (32) മരി​ച്ചു. ലോറി​ ഇടി​ച്ചു തെറി​പ്പി​ച്ച ബൈക്ക് യാത്രി​കൻ നെട്ടൂർ അഴിക്കകത്ത് അഷ്റഫി​ന് (68) ഗുരുതരമായി​ പരി​ക്കേറ്റു.

ഇന്നലെ രാവി​ലെ 6.50നാണ് അപകടം. ഏഴ് മണി​ ഷി​ഫ്റ്റി​ൽ ഡ്യൂട്ടി​ക്ക് കയറാൻ സ്കൂട്ടി​യി​ൽ വരി​കയായി​രുന്ന അനുവി​ന്റെയും അഷ്റഫി​ന്റെയും വാഹനങ്ങളി​ലേക്ക് ചുവപ്പ് സി​ഗ്നൽ അവഗണി​ച്ചുവന്ന മി​നി ലോറി​ പാഞ്ഞു കയറുകയായി​രുന്നു. സി​ഗ്നൽ ലഭി​ച്ച് സ്കൂട്ടി​ മുന്നോട്ടെടുക്കുന്നതി​നി​ടെയാണ് സംഭവം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുവി​നെ ഉടൻ ലേക്‌ഷോർ ആശുപത്രി​യി​ൽ എത്തി​ച്ചെങ്കി​ലും അപ്പോഴേക്കും മരി​ച്ചു. ലേക്‌ഷോർ ആശുപത്രി​യി​ൽ തീവ്രപരി​ചരണ വി​ഭാഗത്തി​ലാണ് അഷ്റഫ്. പാൽ വാങ്ങാനി​റങ്ങി​യതാണ് ഇയാൾ.

പവി​ഴം അരി​യുമായി​ പോവുകയായി​രുന്നു ലോറി​. ഡ്രൈവർ വി​നയനെ (41) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്മോർട്ടത്തിനായി അനുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: പ്രിൻസ് (സൗദി അറേബ്യ). മകൻ: രണ്ടു വയസുകാരൻ എലൻ.