ഒരാഴ്ചക്കിടെ 830 കൊവിഡ് ബാധിതർ, തളർന്നിട്ടും പോരാടാൻ ആരോഗ്യപ്രവർത്തകർ

Tuesday 11 May 2021 12:00 AM IST

തിരുവനന്തപുരം: ഒന്നരവർഷമായി തുടരുന്ന കൊവിഡ് പോരാട്ടത്തിൽ തിരിച്ചടി നേരിട്ടിട്ടും വീഴാതെ പിടിച്ചുനിൽക്കുകയാണ് നാടിന് കവചം തീർക്കുന്ന ആരോഗ്യപ്രവർത്തകർ.

ഒരാഴ്ചക്കിടെ 830 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്നലെ വരെ ഓരോ ദിവസവും രോഗബാധിതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം 100ന് മുകളിലാണ്. നിരനിരയായി ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരായതോടെ മറ്റുള്ളവർക്ക് ജോലിഭാരം കൂടുകയാണ്.

ഈപശ്ചാത്തലത്തിലാണ് കെ.ജി.എം.ഒ.എ ഉൾപ്പെടെയുള്ള സംഘടനകൾ കൂടുതൽ ആരോഗ്യപ്രവർത്തകരെ താത്കാലികമായി നിയോഗിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചത്.

ആദ്യതരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇരട്ടിയാവുകയാണ്. ആദ്യഘട്ടത്തിൽ പരമാവധി 50പേരായിരുന്നു രോഗികൾ. ഇപ്പോൾ പ്രതിദിനം നൂറിലധികം പേർക്കാണ് രോഗം ബാധിക്കുന്നത്.ഇതോടെ ആശുപത്രികൾക്ക് പുറത്ത് സി.എഫ്.എൽ.ടി.സികളിൽ ഉൾപ്പെടെ നിയോഗിക്കാനും ആരോഗ്യപ്രവർത്തകർ തികയാത്ത സ്ഥിതിയാണ്. എല്ലാവരും വാ‌ക്‌സിനെടുത്തവരായതിനാൽ രോഗം ഗുരുതരമാകുന്നില്ലെന്നത് മാത്രമാണ് ഏക ആശ്വസം. എന്നാൽ കൊവിഡാനന്തര ക്ഷീണവും അസ്വസ്ഥതകളും വേട്ടയാടുന്നുണ്ട്.

ഒരാഴ്ചയ്ക്കിടെ രോഗബാധിതർ....830

ഏപ്രിൽ 4.................................... 118

5.................................... 117

6.................................... 124

7.....................................115

8.................................... 127

9.................................... 115

10.................................... 114

കൂടുതൽ രോഗബാധിതർ

കണ്ണൂർ.................. 227

കാസർകോട്........92

തൃശൂർ..................84

''ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക കരുതൽ വേണം, കൂടുതൽ പേരെ അടിയന്തരമായി നിയമിച്ചാൽ മാത്രമേ പ്രതിസന്ധി തരണം ചെയ്യാൻ കഴിയൂ.

- ഡോ.ജി.എസ്.വിജയകൃഷ്ണൻ

സംസ്ഥാന പ്രസിഡന്റ്,

കെ.ജി.എം.ഒ.എ