തിരക്കഥാകൃ​ത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

Monday 10 May 2021 11:37 PM IST

കോട്ടയം: പ്രമുഖ ചലച്ചിത്ര സംവിധായകനും നിറക്കൂട്ട്, രാജാവിന്റെ മകൻ, ആകാശദൂത്, ന്യൂഡൽഹി തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഏറ്റുമാനൂരിലെ വീടായ റോസ്‌വില്ലയിലെ കുളിമുറിയിൽ കുഴഞ്ഞുവീണ നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യംസംഭവിച്ചിരുന്നു.

ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം.എൻ.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവ. ഹൈസ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഫാർമസിയിൽ ഡിപ്ലോമയും നേടി. ജോഷി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ പങ്കാളിയായി. മോഹൻലാലിനെയും മമ്മൂട്ടിയെയും താരരാജക്കാൻമാരാക്കിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച ഡെന്നിസ് 1985-ൽ ജേസി സംവിധാനംചെയ്ത 'ഈറൻ സന്ധ്യ' യിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, ചെപ്പ്, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കിഴക്കൻ പത്രോസ്, വജ്രം, പത്താം നിലയിലെ തീവണ്ടി തുടങ്ങിയ സൂപ്പർ ഹിറ്റുകളും ഡെന്നീസ് ജോസഫിന്റെ തൂലികയിൽ പിറന്നു. മനുഅങ്കിൾ, അഥർവ്വം, തുടർക്കഥ, അപ്പു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. 1988ൽ മനുഅങ്കിളിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. സിദ്ധിയാണ് ആദ്യ ചെറുകഥ. നടൻ ജോസ് പ്രകാശിന്റെ മരുമകനാണ്. ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ഔസേപ്പച്ചൻ. സംസ്കാരം പിന്നീട്.

Advertisement
Advertisement