കൂടുതൽ പെയ്ത് വേനൽമഴ
കൊല്ലം: കഴിഞ്ഞ ഏഴ് വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ വേനൽമഴ കൂടുതൽ പെയ്തിറങ്ങി. ഡിസംബർ മുതൽ മേയ് വരെയാണ് സാധാരണ വേനൽമഴ ലഭിക്കുന്നത്. ഫെബ്രുവരി വരെ കിട്ടേണ്ട മഴയേക്കാൾ 54 മില്ലി മീറ്റർ അധികം മഴ ലഭിച്ചു. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ 13 ശതമാനം മഴയാണ് അധികമായി കിട്ടിയത്. ഉച്ചകഴിയുമ്പോഴേയ്ക്കും ആകാശം മേഘാവൃതമായി ഇടിമിന്നലോടുകൂടിയാണ് മഴ പെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ കിട്ടി. പലേടത്തും മഴ നാശവും വിതച്ചു. പുനലൂർ, ശൂരനാട്, കരുനാഗപ്പള്ളി, ചാത്തന്നൂർ, കൊട്ടരക്കര, ഓയൂർ ഭാഗങ്ങളിൽ കൃഷി നാശവും ഉണ്ടായി. ഇക്കുറി ജില്ലയിൽ ഏറ്റവും കൂടുതൽ വേനൽ മഴ കിട്ടിയത് കൊട്ടാരക്കരയിലാണ്. കുന്നത്തൂർ, പത്തനാപുരം, പുനലൂർ താലൂക്കുകളിലും താരതമ്യേന കുടുതൽ മഴ ലഭിച്ചു. സാധാരണ വേനൽമഴ ശക്തമായ കാറ്റോടുകൂടി ആറോ ഏഴോ ദിവസം ഇടയ്ക്കിടെ പെയ്‌തൊഴിയുകയാണ് പതിവ്. ഇക്കുറി ഇതിന് വിപരീതമായി മഴ തുടരുകയാണ്.
മൺസൂൺ മഴയെ ബാധിക്കും
വേനൽമഴ കൂടുതൽ ലഭിക്കുമ്പോൾ ജൂൺ മുതൽ ആഗസ്റ്റ് വരെ കിട്ടേണ്ട തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ കാര്യമായ കുറവ് വരുത്താറുണ്ട്. മൺസൂണിലും പഴയപടി പെയ്താൽ പ്രളയ സമാനമായ സംഭവങ്ങൾക്ക് ഇടയാക്കുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ ലഭിച്ച മഴ
ജനുവരി - ഫെബ്രുവരി 28 വരെ: 97 മില്ലി മീറ്റർ സാധാരണ കിട്ടുന്നത്: 45 മില്ലി മീറ്റർ മാർച്ച് - മേയ് 10 വരെ: 329.08 മില്ലി മീറ്റർ സാധാരണ കിട്ടുന്നത്: 291.01 മില്ലി മീറ്റർ
''
വേനൽ മഴ ഇത്തരത്തിൽ കനത്ത് പെയ്യുന്നത് അപൂർവമാണ്.
കർഷകർ