കൊവിഡിനേക്കാൾ കഷ്ടം ധനനഷ്ടം
പ്രതിരോധ വസ്തുക്കൾക്ക് വില മൂന്നിരട്ടി
കൊല്ലം: കൊവിഡ് ദുരിതത്തിൽ നട്ടംതിരിയുന്ന സാധാരണക്കാരന്റെ പോക്കറ്റിൽ കൈയിട്ട് വാരി മെഡിക്കൽ വിപണി. മാസ്ക്, സാനിറ്റൈസർ, പി.പി.ഇ കിറ്റ്, ഫേസ് ഷീൽഡ് എന്നിവയ്ക്ക് വില കുതിച്ചുയരുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ സർജിക്കൽ മാസ്കുകൾക്ക് ഉൾപ്പെടെ മൂന്നിരട്ടിയാണ് വില വർദ്ധിച്ചത്.
മെഡിക്കൽ സ്റ്റോറുകളിലും മാസ്ക് വില്പന ശാലകളിലും നേരത്തെ പത്ത് സർജിക്കൽ മാസ്കുകളുടെ പാക്കറ്റിന് 25 രൂപയായിരുന്നു വില. എന്നാലിപ്പോൾ ഒരെണ്ണത്തിന് 7 മുതൽ 10 രൂപ വരെയായി ഉയർന്നു.
ഉത്പാദകർ നേരിട്ട് ഒരു രൂപയ്ക്കാണ് സർജിക്കൽ മാസ്കുകൾ നൽകുന്നത്.
ഇരട്ട മാസ്ക് ധരിക്കണമെന്ന നിർദ്ദേശവും 90 ശതമാനം വരെ വൈറസ് പ്രതിരോധത്തിന് സർജിക്കൽ മാസ്കുകൾക്കാകുമെന്ന വിലയിരുത്തലും ആവശ്യക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. ഇതാണ് മുതലെടുപ്പിന് കാരണം. കോട്ടൺ മാസ്കുകൾക്ക് ഇരട്ടി വിലയായിട്ടുണ്ട്. ബ്രാൻഡഡ് കമ്പനികളുടേതാണെങ്കിൽ വില 500 നടുത്ത് വരും. ഓൺലൈൻ സൈറ്റുകളിലും മാസ്കുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വില ഉയർന്നിട്ടുണ്ട്.
പോക്കറ്റ് ചോർത്തുന്നു
100 മില്ലിയുടെ സാനിറ്റൈസർ സ്‌പ്രേകൾക്ക് നേരത്തെ 20 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 50 രൂപ മുതൽ മുകളിലേക്ക് നൽകണം. 150 രൂപ മുതൽ വിലയുണ്ടായിരുന്ന പി.പി.ഇ കിറ്റുകൾക്ക് സർക്കാർ നിയന്ത്രണ സ്ഥാപനങ്ങളിൽ ഇപ്പോൾ 250 മുതൽ 270 രൂപ വരെയാണ് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ഇവയുടെ വില പത്തിരട്ടിയിലധികമാണ്. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയിൽ രണ്ട് ദിവസം പി.പി.ഇ കിറ്റ് ഉപയോഗിച്ച രോഗിക്ക് 17,000 രൂപ ഈടാക്കിയത് ഹൈക്കോടതി വാക്കാൽ വിമർശിച്ചിരുന്നു.
ഇനം - വില ഒരാഴ്ച മുൻപ് - ഇന്നലെ - ഓൺലൈൻ സർജിക്കൽ മാസ്ക്: 1 - 2.50 രൂപ, 7 -10 രൂപ, 225 രൂപ മുതൽ (50 എണ്ണം) കോട്ടൺ മാസ്ക്: 10, 20, 20 ബ്രാൻഡഡ് കോട്ടൺ മാസ്ക്: 100, 300 - 700, 250 മുതൽ എൻ 95: 40 - 90, 80 - 300, 150 മുതൽ (കുറഞ്ഞത് അഞ്ചെണ്ണം) സാനിറ്റൈസർ 100 മില്ലി: 10 - 30, 50 - 150, 50 പി.പി.ഇ കിറ്റ്: 150 - 250 (സർക്കാർ വില), 300 ഫേസ് ഷീൽഡ്: 100, 250, 225 ഫേസ് മാസ്ക്: 120, 300, 300
''
അവസരം മുതലെടുത്ത് മാസ്കുകളുടെ കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള ശ്രമം വിതരണക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്.
മെഡിക്കൽ ഷോപ്പ് ഉടമകൾ