ജോസ് ജെ. കാട്ടൂർ റിസർവ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ

Tuesday 11 May 2021 3:04 AM IST

മുംബയ്: റിസർ‌വ് ബാങ്കിലെ ഉന്നത പദവികളിലൊന്നായ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സ്ഥാനത്ത് നിയമിതനായി മലയാളി ജോസ് ജെ. കാട്ടൂർ. മേയ് നാലിന് നിയമനം പ്രാബല്യത്തിൽ വന്നുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ ബംഗളൂരു റീജിയണൽ ഓഫീസ് മേധാവിയും കർണാടക റീജിയണൽ ഡയറക്‌ടറുമായി പ്രവർത്തിക്കവേയാണ് ജോസ് ജെ. കാട്ടൂരിനെ തേടി പുതിയ ചുമതലയെത്തിയത്.

ബാങ്കിംഗ് രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ജോസ് റിസർവ് ബാങ്കിൽ കമ്മ്യൂണിക്കേഷൻ, മാനവവിഭവശേഷി വികസനം, സാമ്പത്തിക ഉൾപ്പെടുത്തൽ, സൂപ്പർവിഷൻ, കറൻസി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എന്ന നിലയിൽ മാനവവിഭവശേഷി വികസനം, കോർപ്പറേറ്റ് സ്‌ട്രാറ്റജി ആൻഡ് ബഡ്ജറ്റ്, രാജ്ഭാഷാ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹം വഹിക്കുക.

ആനന്ദിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദം, ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നിയമബിരുദം, പെൻസിൽവാനിയയിലെ വാർട്ടൺ സ്‌കൂൾ ഒഫ് ബിസിനസിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം സർ‌ട്ടിഫിക്കറ്റ് എന്നിവ ജോസ് ജെ. കാട്ടൂർ നേടിയിട്ടുണ്ട്. സർട്ടിഫൈഡ് അസോസിയേറ്റ് ഒഫ് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് പ്രൊഫഷണൽ യോഗ്യതയും അദ്ദേഹത്തിനുണ്ട്.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയിൽ (എം.പി.സി) ചാലക്കുടി സ്വദേശിയായ പ്രൊഫ. ജയന്ത് ആർ. വർമ്മ കഴിഞ്ഞ ഒക്‌ടോബറിൽ നിയമിക്കപ്പെട്ടിരുന്നു.