സൂപ്പർ സ്റ്റാറുകൾക്ക് ജന്മം നൽകിയ ഡെന്നീസ്

Tuesday 11 May 2021 2:12 AM IST

തിരുവനന്തപുരം: ന്യൂഡൽഹിയിലെ ജി.കെയെ മറക്കാൻ പറ്റുമോ?​ രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസിനെയോ. മമ്മൂട്ടിയേയും മോഹലാലിനേയും സൂപ്പർതാര പരിവേഷത്തിലെത്തിച്ച ഈ രണ്ടു കഥാപാത്രങ്ങളും സൃഷ്ടിച്ചത് ഒരേതൂലികയാണ്- ഡെന്നീസ് ജോസഫിന്റെ. മൂന്നാമത് സൂപ്പർതാരമായ സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചതും ‌ഡെന്നീസിന്റെ തിരക്കഥകളിലൂടെ.

ഷോലെ കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ന്യൂഡൽഹിയാണെന്ന് പറഞ്ഞത് സാക്ഷാൽ മണിരത്നമാണ്. അത് തമിഴിലേക്ക് മൊഴിമാറ്റി നായകനാകാൻ ആഗ്രഹിച്ചത് രജനികാന്തും.

'ഈറൻ സന്ധ്യ ' തൊട്ട് 'ഗീതാഞ്ജലി' വരെയുള്ള ഡെന്നീസിന്റെ തിരക്കഥകൾ പ്രേക്ഷ‌കർക്കുനൽകിയത് വെവ്വേറെ അനുഭവങ്ങളായിരുന്നു.

ഇന്നു പറയുന്ന നായകന്റെ മാസ് എൻട്രിയും മാസ് ഡയലോഗുമൊക്കെ പിറന്നത് ഡെന്നീസ് ജോസഫിന്റെ തിരക്കഥകളിലൂടെയായിരുന്നു. അതൊക്കെ വെറും നെടുങ്കൻ തട്ടുപൊളിപ്പൻ ഡയലോഗുകളായിരുന്നില്ല. ജീവിതത്തിന്റെ ഗന്ധം കൂടിയുണ്ടായിരുന്നു അവയ്ക്ക്. ജീവിക്കാൻവേണ്ടി സാഹസിക വഴിയിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളായിരുന്നു പലതും. നിറക്കൂട്ടിലെ രവിവർമ്മ,​ മഹാനഗരത്തിലെ ചന്തക്കാട് വിശ്വൻ,​ ഒളിയമ്പുകളിലെ അറയ്ക്കൽ ബേബി മാത്യു,​ നമ്പർ 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കൽ,​​ നായ‌ർ സാബിലെ മേജർ രവീന്ദ്രൻ നായർ,​ സംഘത്തിലെ ഇല്ലിക്കൽ കുട്ടപ്പായി,​ ഭൂമിയിലെ രാജാക്കന്മാരിലെ മഹേന്ദ്രവർമ്മ,​ കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചൻ തുടങ്ങിയ കഥാപാത്രങ്ങളെ മാത്രമല്ല,​ പ്രേക്ഷകരെയെല്ലാം പൊട്ടിക്കരയിച്ച ആകാശദൂതിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും ഡെന്നീസ് തന്നെ.

സാധാരണക്കാരനായി നിന്നാണ് ഡെന്നീസ് സിനിമയെ നോക്കിക്കണ്ടതും കഥാപാത്രങ്ങളെ സൃഷ്ടിച്ചതും. ജോഷി- മമ്മൂട്ടി- ‌ഡെന്നീസ് ജോസഫ് ടീം സൃഷ്ടിച്ച അത്രയും ഹിറ്റ് മറ്റ് കൂട്ടുകെട്ടുകൾക്ക് കുറവാണ്. സംവിധാനം ചെയ്ത 5 ചിത്രങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു 'അഥർവ്വം'.