പൊസിറ്റിവിറ്റി 33.07%; പകച്ച് തൃശൂർ
തൃശൂർ: തൃശൂർ ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം.ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 33.07 ശതമാനമായി. 11 പഞ്ചായത്തുകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലെത്തി. മരണനിരക്കും ഉയർന്നു.കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 97 മരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം സർക്കാർ, സ്വകാര്യ ആശുപത്രികളിലായി നാല്പതിലേറെ മരണം ഞായറാഴ്ച സംഭവിച്ചതായി മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോൾ, ഔദ്യോഗിക കണക്കിൽ 16 മരണം മാത്രമായിരുന്നു. ഒരു മാസം മുൻപ് മൂവായിരത്തോളം രോഗികളായിരുന്നെങ്കിൽ ഇന്നലെ അമ്പതിനായിരത്തിലേറെ പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 44,000 പേർ വീടുകളിലാണ്. രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ ഓക്‌സിജൻ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ് പറഞ്ഞു.
മെഡിക്കൽ കോളേജിൽ 150 രോഗികളെ ഓക്‌സിജൻ സഹായത്തോടെ ചികിത്സിക്കുന്നതിനുള്ള ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു.
വരും ദിവസങ്ങളിൽ 13,000 ലിറ്ററിന്റെ മറ്റൊരു പ്ലാന്റ് കൂടി സ്ഥാപിക്കും. അതോടെ 300 രോഗികൾക്ക് ഓക്‌സിജൻ സഹായത്തോടെയുള്ള കിടക്കകൾ മെഡിക്കൽ കോളേജിൽ ഒരുക്കാനാകും.
എസ്.ഷാനവാസ്
ജില്ലാ കളക്ടർ