ഒരേ പാർട്ടിയിൽ, ഒരേ ആദർശത്തി​ന്‍റെ കാറ്റും കോളുമേറ്റ്​ പരസ്‌പരം തോന്നിയ ഇഷ്​ടം; കേരള രാഷ്‌ട്രീയത്തിലെ ഏക മന്ത്രി ദമ്പതികൾ

Tuesday 11 May 2021 10:05 AM IST

തിരുവനന്തപുരം: ടി വി തോമസും ഗൗരിയമ്മയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. എറണാകുളം മഹാരാജാസില്‍ പഠിക്കുമ്പോഴാണ് ടി വി തോമസിനെ ഗൗരിയമ്മ ആദ്യംകാണുന്നത്. കൂട്ടുകാരിയായ ത്രേസ്യാമ്മയുടെ സഹോദരൻ എന്നതിനപ്പുറം ഒരടുപ്പവുമില്ലാത്ത കാഴ്‌ചയായിരുന്നു അത്. ആ കാഴ്‌ചകൾ പിന്നീട് പ്രണയത്തിലേക്ക് വഴുതി വീഴുകയായിരുന്നു.

​​​കേരള രാഷ്​ട്രീയത്തിലെ ഏക മന്ത്രി ദമ്പതികളായിരുന്നു ഗൗരിയമ്മയും ടി വി തോമസും. 1957ലെ ആദ്യ ഇ എം എസ്​ മന്ത്രിസഭയിൽ ഗൗരിയമ്മ റവന്യൂ വകുപ്പും ടി വി തോമസ്​ വ്യവസായ, തൊഴിൽ വകുപ്പുമായിരുന്നു കൈകാര്യം ചെയ്​തിരുന്നത്​. താൻ അങ്ങോട്ടു​ കയറി ടി വിയെ പ്രണയിക്കുകയായിരുന്നില്ലെന്ന്​ ഗൗരിയമ്മ പിന്നീട്​ വെളിപ്പെടുത്തിയിട്ടുണ്ട്​. ഒരേ പാർട്ടിയിൽ, ഒരേ ആദർശത്തി​ന്‍റെ കാറ്റും കോളുമേറ്റ്​ പരസ്​പരം തോന്നിയ ഇഷ്​ടമായിരുന്നു അവരുടേത്​. ആദർശത്തിൽ അൽപം വ്യതിയാനമുണ്ടായപ്പോൾ ആ ബന്ധം അവസാനിക്കുകയും ചെയ്​തു.

1957 മേയ്​ 30ന്​ തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തിലായിരുന്നു ടി വി ​തോമസിന്‍റെയും ഗൗരിയമ്മയുടെയും വിവാഹം. അതിനുമുമ്പ്​ ആരുമറിയാതെ തിരുനെൽവേലിയിൽ രജിസ്​റ്റർ വിവാഹം നടത്താൻ ശ്രമിച്ചെങ്കിലും സ്​പെഷൽ മാരേജ്​ ആക്​ട്​ പ്രകാരം ഒരു മാസം മുമ്പേ നോട്ടീസ്​ നൽകി മാത്രമേ ചെയ്യാനാവൂ എന്നറിയുന്നത്​. അതോടെയാണ്​ പ്രണയരഹസ്യം പരസ്യമാകുന്നത്​. 1964ൽ കമ്യൂണിസ്​റ്റ്​ പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി പി എമ്മിലും ടി വി തോമസ്​ സി പി ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു.

മന്ത്രിമാരായിരിക്കെ വിവാഹം ചെയ്‌ത് രണ്ടുമന്ത്രി മന്ദിരങ്ങളിലേക്ക് അകന്നുപോയ ദാമ്പത്യം. ഒരിക്കല്‍ താന്‍ ഗര്‍ഭിണിയായെന്നും തിരക്കുപിടിച്ച യാത്രകളാണ് ആ സ്വപ്‌നം അലസിപ്പിച്ചതെന്നും ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. രോഗം കലശലായി മുംബെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ടി വി തോമസിനെ കാണാന്‍ ഗൗരിയമ്മ ചെന്നു.

പാര്‍ട്ടി അനുവദിച്ച പത്തുദിവസത്തെ അവധികഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ തന്‍റെ കൈയില്‍പിടിച്ച് ടി വി കരഞ്ഞിരുന്നതായി ഗൗരിയമ്മ ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. കുറ്റവും കുറച്ചിലും പറഞ്ഞപ്പോഴും ഓര്‍ക്കാനും ഓമനിക്കാനും ഒരു നൂറ് ഓര്‍മകളുടെ ചെമ്പനീര്‍പൂവുകളുണ്ടായിരുന്നു ഗൗരിയമ്മയുടെ മനസില്‍. അതെല്ലാം ടി വി തോമസിന് മാത്രമുള്ളതായിരുന്നു