വിപ്ളവനക്ഷത്രത്തിന് വിട ചൊല്ലി കേരളം; ഗൗരിയമ്മയുടെ സംസ്‌കാരം വലിയ ചുടുകാട്ടിൽ നടന്നു

Tuesday 11 May 2021 6:17 PM IST

ആലപ്പുഴ: രാഷ്‌ട്രീയ കേരളത്തിന്റെ വിപ്ളവ നായിക കെ.ആർ ഗൗരിയമ്മ ഇനി ഓർമ്മ. വൈകുന്നേരം അഞ്ചുമണിയോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മ‌ൃതദേഹം സംസ്‌കരിച്ചു.

തിരുവനന്തപുരത്ത് നിന്നും 2.30ഓടെ ആലപ്പുഴയിലെത്തിച്ച മൃതദേഹം ചാത്തനാട്ടെ വസതിയിലും തുടർന്ന് എസ്‌ഡി‌വി സ്‌കൂളിലും പൊതുദർശനത്തിന് വച്ചു. കൊവിഡ് നിയന്ത്രണത്തിനിടയിലും പ്രിയ നേതാവിനെ അവസാനമായി കാണാൻ നിരവധി ജനങ്ങളെത്തി. ഭർത്താവായിരുന്ന ടി വി തോമസിനെ സംസ്‌കരിച്ചതിന് അരികെയാണ് ഗൗരിയമ്മയ്‌ക്കായും അന്ത്യവിശ്രമം ഒരുക്കുന്നത്.

രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിലാപയാത്രക്ക് വഴിയരികിൽ ഒരിടത്തും പൊതുദർശനമുണ്ടായില്ല. ഗൗരിയമ്മയുടെ ആഗ്രഹപ്രകാരമാണ് അന്ത്യവിശ്രമം വലിയ ചുടുകാട്ടിലാക്കിയത്. രാവിലെ മരണവിവരം അറിഞ്ഞയുടൻ വലിയ ചുടുകാട്ടിൽ തന്നെ സംസ്‌ക്കാരം നടത്താൻ സി പി എം- സി പി ഐ നേതൃത്വങ്ങൾ തീരുമാനിക്കുകയായിരുന്നു.

ഇന്ന് രാവിലെ കർശന കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ പ്രോട്ടോകോൾ ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളിൽ ഗൗരിയമ്മയുടെ മൃതദേഹത്തിന് പൊതുദർശന സൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖർ അയ്യങ്കാളി ഹാളിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. എ വിജയരാഘവനും എം എ ബേബിയും ചേർന്നാണ് ഗൗരിയമ്മയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചത്.