ഗൗരിഅമ്മയുടെ സ്മരണയ്ക്ക് കേരളകൗമുദിയുമായി ശിലാ സന്തോഷ്

Wednesday 12 May 2021 12:08 AM IST

കടമ്പനാട് : ഗൗരിഅമ്മയുടെ ഓർമ്മയ്ക്കായി 60 വർഷം മുൻപുള്ള കേരള കൗമുദി പത്രം നിധിപോലെ സൂക്ഷിക്കുകയാണ് ശിലാ സന്തോഷ്. 1960 ജൂലൈ 26 ന് ഇറങ്ങിയ കേരളകൗമുദിയിലെ പ്രധാന വാർത്ത കാർഷിക ബില്ല് പാസാക്കണമെന്നാവശ്യപ്പെട്ട് എ.കെ.ജിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക ജാഥയുടെ സമാപനം സംബന്ധിച്ചായിരുന്നു. കെ.ആർ.ഗൗരി, പന്തളം പി.ആർ തുടങ്ങിയ നേതാക്കളായിരുന്നു എ.കെ.ജിക്കൊപ്പം ഉള്ളത്. ഗൗരിഅമ്മയുൾപ്പെടെയുള്ളവരുടെ ചിത്രം ആദ്യ പേജിൽ ഇടംപിടിച്ചിരുന്നു. പ്രമുഖരുടെ ചിത്രങ്ങളും വാർത്തകളും ഉള്ള പത്രങ്ങൾ സൂക്ഷിക്കുന്ന സന്തോഷ്, ഗൗരിഅമ്മയുടെ സാന്നിദ്ധ്യമുള്ള ഈ പത്രം സൂക്ഷിക്കുകയായിരുന്നു. കാർഷിക ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട് പഴവങ്ങാടിയിൽ ഗൗരിഅമ്മ നടത്തിയ പ്രസംഗവും പത്രത്തിലുണ്ട്. ഗൗരിഅമ്മ ഇന്നലെ അന്തരിച്ചപ്പോൾ ഒരു സ്മരണയായി സന്തോഷ് ഈ പത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിരുന്നു.

2001 ൽ 99 സീറ്റ് മായി കോൺഗ്രസ് അധികാരത്തിലെത്തിയതും . ഇടതുപക്ഷം 40 സീറ്റ് നേടിയതുമായ വാർത്ത പ്രസിദ്ധീകരിച്ച കേരളകൗമുദി പത്രം സോഷ്യൽ മീഡിയയിൽ സന്തോഷ് കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തത് വൈറലായി. കൂടാതെ 1959 മെയ് 28 ന് ഇറങ്ങിയ "പ്രക്ഷോഭത്തെ ശക്തമായി നേരിടും, വേണ്ടി വന്നാൽ മന്നത്തിനെ അറസ്റ്റ് ചെയ്യും" എന്ന തലകെട്ടിലിറങ്ങിയ കേരളകൗമുദിയും , 1959 മേയ് 27 നു ഇറങ്ങിയ "കാർഷിക ബില്ല് 31-ാം വകുപ്പ് വരെ പാസാക്കി " എന്ന തലകെട്ടിലിറങ്ങിയ കേരളകൗമുദിയും 1959 മെയ് 23 ലെ " മാനേജർമാർക്ക് അദ്ധ്യാപകരെ നിയമിക്കാനുള്ള സ്വാതന്ത്യം നൽകുന്നതിന് കോൺഗ്രസ് പ്രമേയം " എന്ന തലകെട്ടലിറങ്ങിയ കേരള കൗമുദിയും സന്തോഷിന്റെ ശേഖരത്തിലുണ്ട്. ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൻമാരുടെ മരണ വാർത്തയുമായി പുറത്തിറങ്ങിയത് ഉൾപ്പെടെ പ്രധാന സംഭവങ്ങൾ ഉൾപ്പെട്ട 700ൽ അധികം പഴയ പത്രങ്ങളുടെ ശേഖരമുണ്ട് സന്തോഷിന്.

Advertisement
Advertisement