സ്നേഹം നിറഞ്ഞ അമ്മമനം

Wednesday 12 May 2021 12:00 AM IST

ആലപ്പുഴ: നിലപാടുകളിലെയും, പെരുമാറ്റത്തിലെയും ഗൗരവത്തിനപ്പുറം കരുതലിൽ പൊതിഞ്ഞ സ്നേഹ വാത്സല്യങ്ങൾ പ്രകടിപ്പിക്കുന്ന അമ്മമനസ് കൂടിയായിരുന്നു കെ.ആർ.ഗൗരിഅമ്മ. നേരിൽ കാണാനെത്തുന്നവരുടെ മുന്നിലേക്ക് പൂമുഖ വാതിൽ തുറന്നു വരുന്ന ഗൗരിഅമ്മയുടെ കാർക്കശ്യവും മുൻശുണ്ഠിയും അനുഭവിക്കാത്തവർ ചുരുക്കം.

പലപ്പോഴും ഏറെനേരം കാത്തു നിന്നശേഷമാവും ഗൗരിഅമ്മയെ കാണാൻ സാധിക്കുക. എണ്ണതേച്ച കുളിയുള്ള ദിവസങ്ങളിൽ കാത്തിരിപ്പ് മൂന്ന് മണിക്കൂറിലധികം നീളും. ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ ഗൺമാൻ പക്ഷം പറഞ്ഞുവിടും, ഇന്ന് കാണാൻ സാധിക്കില്ലെന്ന്. ഗൗരിഅമ്മയുടെ അനുവാദമില്ലാതെ കളത്തിപ്പറമ്പിൽ വീടിന്റെ ഗേറ്റ് പോലും തുറക്കില്ല. വന്നത് മാദ്ധ്യമ പ്രവർത്തകരാണെന്നറിഞ്ഞാൽ പുത്തൻ വസ്ത്രങ്ങളണിഞ്ഞ് ഒരുങ്ങിയാവും എത്തുക. കിടപ്പുമുറിയിൽ നിന്നിറങ്ങി പ്രധാന വാതിൽ തുറക്കും. അതിന് ശേഷം സിറ്റൗണ്ടിന്റെ വാതിൽ പരിചാരകരെക്കൊണ്ട് തുറപ്പിക്കും. ഒടുവിൽ ഗേറ്റ് തുറക്കാൻ ഗൺമാന് അനുമതി നൽകും. ഈ സമയം സ്വീകരണമുറിയിലെ തടിക്കസേരയിൽ മുഖത്ത് പരമാവധി ഗൗരവവുമായി ഗൗരിഅമ്മ കാത്തിരിക്കും. മുറിക്കുള്ളിൽ തിരക്ക് കൂട്ടുന്നവരെ കണക്കിന് ശകാരിക്കും. പ്രായാധിക്യത്താൽ സംസാരത്തിലെ സ്ഫുടതയ്ക്ക് വിള്ളലുകൾ വീണിരുന്നെങ്കിലും, ഓർമ്മകൾക്ക് ലവലേശം കോട്ടം തട്ടിയിരുന്നില്ല. രാഷ്ട്രീയമടക്കം എല്ലാ ചരിത്രവും തെളിനീര് പോലെ ഓർത്തെടുക്കുമായിരുന്നു ഗൗരിഅമ്മ. ഏത് വിഷയത്തിൽ പ്രതികരണമെടുത്താലും, ചരിത്രത്തിലെ ഓർമ്മകളിൽ നിന്നൊരു കഥ ഗൗരിഅമ്മയ്ക്ക് പറയാനുണ്ടാവും. സംസാരത്തിൽ ഇടയ്ക്കിടെ നർമ്മവും ചിരിയും കലരും. ഒപ്പമിരുന്ന് ഫോട്ടോ എടുക്കാൻ മൗനാനുവാദം നൽകും.

 മധുരം നിറഞ്ഞ വീട്

എക്കാലത്തും സത്കാരപ്രിയയായിരുന്ന ഗൗരിഅമ്മ. അതിഥികൾക്ക് ഭക്ഷണം നൽകാതെ മടക്കി അയക്കാറില്ല. മധുരപലഹാരങ്ങൾ നൽകാനാണ് കൂടുതലിഷ്ടം. ആ പേരിൽ കുറച്ച് മധുരം ഗൗരിഅമ്മയും ആസ്വദിക്കും. ഉണ്ണിയപ്പവും, ചോക്ലേറ്റുകളുമായിരുന്നു ഏറെ പ്രിയം. കിടപ്പുമുറിയിലെ അലമാര നിറയെ ചോക്ലേറ്റ് സൂക്ഷിച്ച് വയ്ക്കുന്ന പതിവുമുണ്ടായിരുന്നു.