'സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമോ?' പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നൽകി മുഖ്യമന്ത്രി

Wednesday 12 May 2021 7:40 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിർദേശ പ്രകാരമാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി മുഖപത്രത്തിൽ വന്ന വാർത്ത ചൂണ്ടിക്കാണിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ മുഖത്ത് ചിരി പടർന്നത്. കൊവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്.

അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാദ്ധ്യമങ്ങളുടെ) ആള്‍ക്കാര്‍ തന്നെ പറയും എന്ന് അദ്ദേഹം പ്രതികരിച്ചു. മേയ് 17 വരെ സർക്കാരിന്റെ തലപ്പത്തുളള മുഖ്യമന്ത്രിയുടെ ജാതകത്തിൽ ദോഷങ്ങൾ ഉണ്ടെന്നും ഈ കാലയളവിൽ അധികാരമേറ്റാൽ മന്ത്രി സഭ കാലാവധി പൂർത്തിയാക്കില്ലെന്നുമാണ് ജ്യോത്സ്യന്റെ വിധിയെന്നും ബി.ജെ.പി മുഖപത്രം ആരോപിച്ചിരുന്നു. ഇതേ വാർത്ത മുസ്ലീം ലീ​ഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

മേയ് 20 ന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് വെെകുന്നേരം തിരുവനന്തപുരം സെൻട്രൽ സ്റ്റേടിയത്തിൽ വച്ച് ചടങ്ങ് നടക്കുമെന്നും ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനമെന്നുമായിരുന്നു റിപ്പോർട്ട്. ഇതേ തീയതി തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതും. എല്‍.ഡി.എഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ട്. ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement