പലസ്തീൻ അനുകൂല നയങ്ങളിൽ നിന്നും ഇന്ത്യ പിന്നോക്കം പോകുന്നു; ഇത്തരം തെറ്റായ നിലപാടുകൾ കേന്ദ്രസർക്കാർ തിരുത്തണമെന്ന് മുസ്ലീം ലീ​ഗ്

Wednesday 12 May 2021 9:40 PM IST

തിരുവനന്തപുരം: മുൻകാലങ്ങളിലെ സർക്കാരുകൾ സ്വീകരിച്ചുപോരുന്ന പലസ്തീൻ അനുകൂല നയങ്ങളിൽ നിന്നും ഇന്ത്യ പിന്നോക്കം പോകുന്നതായി മുസ്ലീം ലീ​ഗ്. ഇത് വംശവെറിക്കെതിരായുളള രാജ്യത്തിന്റെ പരമ്പരാ​ഗത നിലപാടിനെതിരാണ്. ഇത്തരം തെറ്റായ നിലപാടുകൾ കേന്ദ്രസർക്കാർ തിരുത്തണമെന്നും ലീ​ഗ് ആവശ്യപ്പെട്ടു. ഓണ്‍ലൈനായി ചേര്‍ന്ന രാഷ്ട്രീയകാര്യ ഉപദേശക സമിതി യോഗം അംഗീകരിച്ച പ്രമേയത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പുണ്യമാസത്തില്‍ ആരാധനയിലേര്‍പ്പെട്ടിരുന്ന പലസ്തീനികള്‍ക്ക് നേരെ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ വെടിവെപ്പും തുടര്‍ന്നരങ്ങേറിയ ഇസ്രയേല്‍ ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അക്രമവും ഭീതിയും സൃഷ്ടിച്ച് കിഴക്കന്‍ ജറുസലേം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമങ്ങൾ. മസ്ജിദുല്‍ അഖ്‌സ പൊളിക്കുക എന്നത് ഇസ്രയേലിന്റെ അജണ്ടയിലുള്ളതാണ്. പലസ്തീനികളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുത്താല്‍ മാത്രമേ പലസ്തീനില്‍ ശ്വാശ്വത സമാധാനമുണ്ടാവുകയുള്ളൂ. ലോകജനത ഇസ്രയേലിന്റെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും ലീ​ഗ് ആവശ്യപ്പെടുന്നു.

പലസ്തീനികള്‍ക്കെതിരെയുള്ള സയണിസ്റ്റ് അതിക്രമത്തിനെതിരെ നാളെ രാജ്യവ്യാപകമായി രാവിലെ പത്ത് മണിക്ക് സ്വന്തം വീടുകളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്ലിംലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ അദ്ധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ യോ​ഗത്തിൽ സംബന്ധിച്ചു.

Advertisement
Advertisement