18 കഴിഞ്ഞവർക്ക് വാക്സിൻ ഉടൻ നൽകും :മുഖ്യമന്ത്രി

Wednesday 12 May 2021 9:48 PM IST

തിരുവനന്തപുരം: 18 - 45നും പ്രായക്കാരിൽ മറ്റ് രോഗമുള്ളവർക്ക് ഉടൻ വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റ് മുൻഗണനാ വിഭാഗക്കാരുടെ എണ്ണം കണക്കാക്കി വാക്സിൻ കൊടുക്കുന്നത് തീരുമാനിക്കും.

18-45 വയസുള്ളവർക്കായി സർക്കാർ വാങ്ങിയ കോവിഷീൽഡ്, കോവാക്സിൻ ഡോസുകളുടെ വിതരണം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഷീൽഡ്, കോവാക്സിൻ ആദ്യ ബാച്ച് എത്തി. സംസ്ഥാനത്ത് എല്ലാവർക്കും ഒറ്റയടിക്ക് വാക്സിൻ നൽകുക വെല്ലുവിളിയാണ്.എല്ലാവർക്കും വാക്സിൻ നൽകുകയാണ് സർക്കാർ നയം. ഇപ്പോൾ അത്രയും വാക്സിൻ ലഭ്യമല്ല. 18-45 പ്രായമുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകും. ഇതിൽ മുൻഗണന ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

45ന് മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്രസർക്കാരാണ് ലഭ്യമാക്കുന്നത്.കേരളത്തിൽ 45ന് മുകളിലുള്ളത് ഏകദേശം 1.13കോടി ആളുകളാണ്. അവർക്ക് രണ്ട്‌ ഡോസ് വീതം നൽകാൻ 2.26 കോടി ഡോസ് ലഭിക്കണം.

കോവിഡ് തരംഗത്തിന്റെ വ്യാപനവേഗതയിൽ മരണനിരക്ക് പിടിച്ചുനിർത്താൻ 45ന് മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടന്ന് പൂർത്തിയാക്കണം.കേരളത്തിന് അർഹമായ വാക്സിൻ എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന്‌ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. ഇതിന് നിരവധി തവണ ഔദ്യോഗികമായി കേന്ദ്രവുമായി ബന്ധപ്പെട്ടെന്നും

അദ്ദേഹം വ്യക്തമാക്കി.

ചുഴലിയും മഴയും നേരിടാൻ എല്ലാം സജ്ജം: മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകാനിടയുള്ള ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മഴയും കാറ്റും ഇടിമിന്നലും നേരിടാൻ മുന്നൊരുക്കങ്ങൾ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂർവ തയ്യാറെടുപ്പ് അവലോകനം ചെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന, വായുസേന, നാവികസേന, കോസ്റ്റ് ഗാർഡ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, അഗ്നി രക്ഷാസേന, പൊലീസ്, ആരോഗ്യ വകുപ്പ്, തദേശ സ്ഥാപനങ്ങൾ എന്നിവയെല്ലാം പങ്കെടുത്തു. വായുസേന ഇത്തവണ ഒരു ഹെലികോപ്ടർ തിരുവനന്തപുരത്ത് നിറുത്താമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻകരുതലുകൾ *തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തിൽ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റാൻ നിർദേശിച്ചു. തീരദേശത്തുള്ള തദ്ദേശ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും നേതൃത്വം നൽകും. * സംസ്ഥാനത്ത് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. *കൊവിഡ് ചികിത്സയുള്ള മുഴുവൻ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും വൈദ്യുതി മുടങ്ങാതിരിക്കാൻ അടിയന്തര നടപടിക്ക് ആരോഗ്യ വകുപ്പിനും വൈദ്യുത വകുപ്പിനും നിർദ്ദേശം നൽകി. *മുഴുവൻ ആശുപത്രികളിലും ജനറേറ്ററുകൾ സ്ഥാപിക്കാൻ നിർദേശിച്ചു. *ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാം.