കേന്ദ്രത്തിന് ഐ.സി.എം.ആർ നിർദ്ദേശം, രാജ്യം അടച്ചിടണം, ശുപാർശ ടി.പി.ആർ 10% കടന്ന 533 ജില്ലകളിൽ

Thursday 13 May 2021 12:00 AM IST

 എട്ട് ആഴ്ച വരെ ലോക്ക് ഡൗൺ നീട്ടേണ്ടിവരും

ന്യൂഡൽഹി: കേരളത്തിൽ ഉൾപ്പെടെ കൊവിഡ് പോസിറ്റിവിറ്റി പത്തു ശതമാനത്തിൽ കൂടുതലുള്ള, രാജ്യത്തെ 533 ജില്ലകളിൽ ലോക്ക് ഡൗൺ ആറു മുതൽ എട്ടാഴ്ച വരെ നീട്ടണമെന്ന് കേന്ദ്ര സർക്കാരിന് ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്) നിർദ്ദേശം. പോസിറ്റിവിറ്റി അഞ്ചു ശതമാനമായി കുറയാതെ ഈ ജില്ലകൾ തുറക്കരുതെന്നും കൗൺസിൽ ‌ഡയറക്ടർ ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകുന്നു.

കേരളത്തിലെ 14 ജില്ലകളിലും പോസിറ്റിവിറ്റി 10 ശതമാനത്തിനു മുകളിലാണ്. സംസ്ഥാനത്ത് നിലവിൽ ഈ മാസം 16 വരെയാണ് ലോക്ക് ഡൗൺ. ആറ് മുതൽ എട്ട് വരെ ആഴ്ചകളിൽ പോസിറ്റിവിറ്റി അഞ്ചു ശതമാനത്തിലേക്ക് കുറയില്ലെന്നാണ് ബൽറാം ഭാർഗവ ഒരു അഭിമുഖത്തിൽ പറഞ്ഞത്. പോസിറ്റിവിറ്റി ദേശീയ ശരാശരി 21 ശതമാനമാണ്.

രാജ്യത്താകെയുള്ളത് 718 ജില്ലകളാണ്. ഇതിൽ 533 ജില്ലകൾ അടച്ചിട്ടാൽ ദേശീയ ലോക്ക് ഡൗണിനു സമാനമാകും. സാമ്പത്തിക ആഘാതം ചൂണ്ടിക്കാട്ടി ദേശീയ ലോക്ക് ഡൗൺ വേണ്ടെന്ന് കേന്ദ്രം ഉറച്ചുനിൽക്കുമ്പോഴാണ് ഭൂരിഭാഗം മേഖലകളിലും അടച്ചിടൽ തുടരണമെന്ന ഐ.സി.എം.ആർ നിർദ്ദേശം.

ഡൽഹിയിൽ പോസിറ്റിവിറ്റി 35 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നു കരുതി ഡൽഹി ഉടൻ തുറന്നാൽ ദുരന്തമാകും ഫലം

- ബൽറാം ഭാർഗവ

ഡയറക്ടർ, ഐ.സി.എം.ആർ

പോസിറ്റിവിറ്റി 10% കടന്ന ജില്ലകൾ 533

മദ്ധ്യപ്രദേശ് - 45
യു.പി -38
മഹാരാഷ്ട്ര - 36
തമിഴ്‌നാട് - 34
ബീഹാർ -33
കർണാടക -28
രാജസ്ഥാൻ - 28
ഒഡിഷ - 27
ഛത്തീസ്ഗഢ്- 24
ഗുജറാത്ത് - 23
ഹരിയാന-22
പശ്ചിമബംഗാൾ -22
അസം - 20
ജാർഖണ്ഡ് - 18
പഞ്ചാബ് -18
കേരളം -14
അരുണാചൽ പ്രദേശ് -13
ആന്ധ്ര- 12
ഹിമാചൽ -12
ഉത്തരാഖണ്ഡ് -12
ഡൽഹി -11
ജമ്മുകാശ്മീർ - 8
മണിപ്പുർ -7
മേഘാലയ - 7
നാഗാലാൻഡ് - 6
പുതുച്ചേരി -4
സിക്കിം - 4
ഗോവ - 2
ആൻഡമാൻ -1
ഛണ്ഡീഗഡ് - 1
ലഡാക്ക്-1
മിസോറാം - 1
ത്രിപുര -1

ഇന്ത്യയിൽ കണ്ട വകഭേദം ലോക പട്ടികയിൽ

ന്യൂഡൽഹി: ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വൈറസിനെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തി. കൂടുതൽ വ്യാപനശേഷിയുള്ള ഈ വകഭേദം 44 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. രാജ്യത്തെ രൂക്ഷമായ രണ്ടാം കൊവിഡ് തരംഗത്തിന് ഇതും കാരണമാണെന്നാണ് വിലയിരുത്തൽ.

Advertisement
Advertisement