ആർ.ടി.പി.സി.ആർ രോഗം സംശയിക്കുന്നവർക്ക് മതി

Thursday 13 May 2021 3:19 AM IST

തിരുവനന്തപുരം: ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയവരിൽ രോഗം സംശയിക്കുന്നവർക്കു മാത്രം ആർ.ടി.പി.സി.ആർ നടത്തുന്നതാണ് പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർ.ടി.പി.സി.ആർ ഫലം വൈകുന്ന സാഹചര്യത്തിൽ ഇതാണ് ഉചിതം. ഐ. സി. എം. ആറിന്റെ പുതിയ മാർഗ്ഗനിർദ്ദേശം ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തു നിന്ന് ട്രെയിനിൽ വരുന്നവർ പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ.നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
ആശുപത്രികളിൽ തടസമില്ലാതെ വൈദ്യുതി ഉറപ്പുവരുത്തണം. ഇതിനായി എമർജൻസി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. അതി തീവ്രമഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുള്ള ദിവസങ്ങളാണ് വരുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ കെ.എസ്.ഇ.ബി.ക്കും നിർദ്ദേശം നൽകി.
ഓക്സിജൻ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു. ഓക്സിജൻ ഉപയോഗിക്കുന്ന ഇടങ്ങളിൽ ഓക്സിജൻ ഓഡിറ്റ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആശുപത്രികളിൽ തീപിടുത്തം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും നൽകി. പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾ നിർമ്മിക്കുന്നത് പരിഗണിക്കും. അതിന്റെ സാങ്കേതിക കാര്യങ്ങൾ കെൽട്രോണിനെ കൊണ്ട് നിർവഹിക്കാൻ വ്യവസായ വകുപ്പിന് നിർദ്ദേശം നൽകി.

Advertisement
Advertisement