'ബാഡ് ബാങ്കിനെ" നയിക്കാൻ പദ്മകുമാർ എം. നായർ‌

Thursday 13 May 2021 3:16 AM IST

കൊച്ചി: പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം (ബാഡ് ലോൺ) തിരിച്ചുപിടിക്കാൻ രൂപീകരിച്ച നാഷണൽ അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനി ലിമിറ്റഡിന്റെ (എൻ.എ.ആർ.സി.എൽ) മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സി.ഇ.ഒ) മലയാളിയും എസ്.ബി.ഐയുടെ സ്‌ട്രെസ്ഡ് അസെറ്റ് (കിട്ടാക്കടം) വിഭാഗം ചീഫ് ജനറൽ മാനേജരുമായ പദ്മകുമാർ മാധവൻ നായരെ കേന്ദ്രസർക്കാർ നിയമിച്ചു.

കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും പിന്തുണയോടെ ബാങ്കുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനാണ് (ഐ.ബി.എ) എൻ.എ.ആർ.സി.എൽ അഥവാ ബാഡ് ബാങ്കിനെ നിയന്ത്രിക്കുന്നത്. സി.ഇ.ഒയെ കണ്ടെത്താനുള്ള അഭിമുഖം കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു. തിങ്കളാഴ്‌ച നിയമനം പ്രാബല്യത്തിൽ വന്നു. ബാഡ്‌ ബാങ്കിന്റെ പ്രവർത്തനഘടന രൂപീകരണം പദ്മകുമാറിന്റെ ചുമതലയായിരിക്കും.

ബാഡ് ബാങ്ക്

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി അഥവാ കിട്ടാക്കടം (എൻ.പി.എ/ബാഡ് ലോൺ) ഏറ്റെടുത്ത് റിക്കവറികളിലൂടെ തിരിച്ചുപിടിക്കുന്ന സ്ഥാപനമാണ് എൻ.എ.ആർ.സി.എൽ അഥവാ ബാഡ് ബാങ്ക്. 70 ശതമാനം ഓഹരി പങ്കാളിത്തവും പൊതുമേഖലാ ബാങ്കുകൾക്കാണ്. റിസർവ് ബാങ്ക് നിഷ്‌കർഷിച്ച 15:85 മാതൃകയിലാരിക്കും പ്രവർത്തനം. കിട്ടാക്കടം ഏറ്റെടുക്കുമ്പോൾ 15 ശതമാനം തുക ബാങ്കുകൾക്ക് പണമായും 85 ശതമാനം സെക്യൂരിറ്റി റെസീറ്റായും നൽകും. പിന്നീട്, റിക്കവറി പൂർത്തിയാകുമ്പോൾ റെസീറ്റിന് പകരം പണം നൽകും.

തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം കുമാരപുരം ടാഗോർ‌ ഗാർഡൻസിൽ മാധവൻ നായരുടെയും വിജയലക്ഷ്‌മിയമ്മയുടെയും മകനാണ് പദ്മകുമാർ. ഭാര്യ: അശ്വതി. മക്കൾ: അനുരാഗ്, പ്രീതിക. എസ്.ബി.ഐയുടെ മുംബയ് ആസ്ഥാനത്ത് കിട്ടാക്കടം തിരിച്ചുപിടിക്കൽ വിഭാഗത്തിൽ കാഴ്‌ചവച്ച പ്രവർത്തനമികവാണ് പദ്മകുമാറിനെ പുതിയ ചുമതലയ്ക്ക് അർ‌ഹനാക്കിയത്.

Advertisement
Advertisement