കൊവിഡിൽ ഇടിഞ്ഞ് ഇന്ധന ഡിമാൻഡ്
കൊച്ചി: കൊവിഡ് വ്യാപനം ചെറുക്കാനുള്ള ലോക്ക്ഡൗൺ മൂലം രാജ്യത്ത് ഇന്ധന ഡിമാൻഡ് കുത്തനെ ഇടിയുന്നു. ഏപ്രിലിൽ മൊത്തം വില്പന 9.4 ശതമാനം ഇടിഞ്ഞെന്ന് പെട്രോളിയം മന്ത്രാലയത്തിനു കീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെൽ (പി.പി.എ.സി) വ്യക്തമാക്കി. മാർച്ചിലെ 18.77 മില്യൺ ടണ്ണിൽ നിന്ന് 17.01 മില്യൺ ടണ്ണിലേക്കാണ് കഴിഞ്ഞമാസം വില്പന ഇടിഞ്ഞത്.
2020 ഏപ്രിലിൽ ദേശീയ ലോക്ക്ഡൗൺ മൂലം ഇന്ധന വിതരണം നിർജീവമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞമാസം 81.5 ശതമാനം വില്പന വളർച്ചയുണ്ട്. പെട്രോൾ വില്പന കഴിഞ്ഞമാസം മാർച്ചിനേക്കാൾ 13 ശതമാനം കുറഞ്ഞ് 2.38 മില്യൺ ടണ്ണിലെത്തി. കഴിഞ്ഞ ആഗസ്‌റ്റിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്‌ന്ന വില്പനയാണിത്. 2019 ഏപ്രിലിനേക്കാൾ മൂന്നു ശതമാനം കുറവുമാണിത്. കഴിഞ്ഞവർഷം ഏപ്രിലിൽ വില്പന 0.97 മില്യൺ ടണ്ണായിരുന്നു. മാർച്ചിനേക്കാൾ 7.5 ശതമാനവും 2019 ഏപ്രിലിനേക്കാൾ ഒമ്പതു ശതമാനവുമാണ് ഡീസൽ വില്പന നഷ്‌ടം.
6.67 മില്യൺ ടൺ ഡീസലാണ് കഴിഞ്ഞമാസത്തെ ഉപഭോഗം. വിമാന ഇന്ധന വില്പന (എ.ടി.എഫ്) കുറിച്ച നഷ്‌ടം 14 ശതമാനം; വിറ്റഴിഞ്ഞത് 4.09 ലക്ഷം ടൺ മാത്രം. 2020 ഏപ്രിലിൽ എ.ടി.എഫ് വില്പന വെറും 5,500 ടണ്ണായിരുന്നു. പാചക വാതക (എൽ.പി.ജി) ഡിമാൻഡ് 6.4 ശതമാനം ഇടിഞ്ഞ് 2.1 മില്യൺ ടണ്ണിലൊതുങ്ങി. 2019 ഏപ്രിലിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ എൽ.പി.ജി വില്പന 11.6 ശതമാനം കൂടുതലാണ്. റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെൻ വിതരണം 9.04 ലക്ഷം ടണ്ണിൽ നിന്ന് 6.58 ലക്ഷം ടണ്ണിലേക്കും ഇടിഞ്ഞു.