ഗൾഫിലേക്ക് പറക്കാൻ ഉസ്‌ബെക്ക് ഇടത്താവളമാക്കി മലയാളികൾ

Thursday 13 May 2021 12:00 AM IST

കൊച്ചി: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ പ്രവാസികൾ, തിരികെപ്പോകാനുള്ള കുറുക്കുവഴിയായി ഉസ്‌ബെക്കിസ്ഥാനെ ഇടത്താവളമാക്കുന്നു. കൊവിഡ് പശ്ചാത്തലത്തിലും അവധിക്ക് നാട്ടിലെത്തിയവരാണ് വിമാനവിലക്കിൽ വലഞ്ഞത്. കടുപ്പമുള്ള കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത, പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്ഥാനാണ് ഇവർക്കിപ്പോൾ രക്ഷ.

ജോലി നിലനിറുത്താൻ തിരികെപ്പോയേ പറ്റൂ എന്ന അവസ്ഥയിലാണ് ഒട്ടേറെ പ്രവാസികൾ. പലരുടേയും വിസാകാലാവധിയും തീരുന്നു. യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയവ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കിയിട്ടുണ്ട്. അതേസമയം, മൂന്നാമതൊരു രാജ്യത്തുനിന്ന്, കൊവിഡ് ചട്ടങ്ങൾ പാലിച്ച് ഇവിടങ്ങളിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ തടസമില്ല.

ഇത് അവസരമാക്കിയാണ് സംസ്ഥാനത്തെ ചില ട്രാവൽ ഏജൻസികൾ ഉസ്‌ബെക്കിസ്ഥാൻ വഴി ഗൾഫിലേക്ക് പോകാനുള്ള യാത്രാപ്പാക്കേജ് ലഭ്യമാക്കുന്നത്. കോഴിക്കോട്ടെ അൽഹിന്ദ് ട്രാവൽസ് ഒമാനിലേക്ക് പോകാനായി ഉസ്‌ബെക്കിസ്ഥാനിലെ തഷ്‌കെന്റിൽ 14-ദിവസത്തെ ക്വാറന്റൈൻ ഉൾപ്പെടെയുള്ള യാത്രാ പാക്കേജ് ഓഫർ ചെയ്യുന്നുണ്ട്. കോഴിക്കോട്ടുനിന്ന് ചാർട്ടേഡ് വിമാനത്തിൽ മേയ് 25നാണ് യാത്ര. 1.35 ലക്ഷം രൂപയാണ് നിരക്ക്.

വലിയ യാത്ര

കോഴിക്കോട്ടു നിന്ന് ഒമാനിലെ മസ്‌കറ്റിലേക്കുള്ള ദൂരം 2,324 കിലോമീറ്ററാണ്. ഉസ്‌ബെക്കിസ്ഥാൻ വഴി പോകുമ്പോൾ ദൂരമേറും. കോഴിക്കോട്-തഷ്‌കെന്റ് ദൂരം 3,600 കിലോമീറ്ററാണ്. തഷ്‌കെന്റ്-മസ്‌കറ്റ് 2,100 കിലോമീറ്ററും. തഷ്‌കെന്റിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞശേഷം ആർ.ടി-പി.സി.ആർ ടെസ്‌റ്റ് നടത്തണം. നെഗറ്റീവെങ്കിൽ മസ്‌കറ്റിലേക്ക് പറക്കാം.

പാളിയ പറക്കൽ

നേരത്തേ നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങൾ വഴി ഒട്ടേറെ ഇന്ത്യൻ പ്രവാസികൾ ഗൾഫിലേക്ക് പോയിരുന്നു. ഇത്തരത്തിൽ പറക്കുന്നവരുടെ എണ്ണം കൂടിയതോടെ, ഈ രാജ്യങ്ങളും വിലക്കേർപ്പെടുത്തി. തുടർന്നാണ്, പുതിയ ഇടത്താവളങ്ങളിലേക്ക് ട്രാവൽ ഏജൻസികളുടെ അന്വേഷണം നീണ്ടത്. ഉസ്‌ബെക്കിന് പുറമേ അർമേനിയയും ഇടത്താവളമാക്കാൻ ചില ഏജൻസികൾ ശ്രമിക്കുന്നുണ്ട്.

Advertisement
Advertisement