കൊവിഡ്: കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും മുന്നണി പോരാളികൾ
Thursday 13 May 2021 2:22 AM IST
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നണിപോരാളികളായി കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും രംഗത്തിറങ്ങും. ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിനായാണ് ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തുക.
ഓക്സിജൻ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകൾ ഇന്നു രാത്രി മുതൽ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ ഓടിച്ചു തുടങ്ങും. സന്നദ്ധത അറിയിച്ച ഡ്രൈവർമാരുടെ ആദ്യബാച്ചിലെ 35 പേർക്ക് പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. സേവനത്തിന് സന്നദ്ധരായവർ അറിയിക്കണമെന്ന് എം.ഡി ബിജു പ്രഭാകർ സർക്കുലർ ഇറക്കിയപ്പോൾ 450 തിലധികം ഡ്രൈവർമാർ തയ്യാറാവുകയായിരുന്നു.