തകർന്നത് കുടുംബത്തോടൊപ്പം ജീവിക്കാനുള്ള സൗമ്യയുടെ സ്വപ്നം

Thursday 13 May 2021 2:24 AM IST

ചെറുതോണി: ' ഫോൺ വിളിച്ചപ്പോൾ ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞു. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. ഹലോ... ഹലോ... എന്ന് പറഞ്ഞിട്ടും അങ്ങേത്തലയ്ക്കൽ ശബ്ദമൊന്നും കേൾക്കുന്നില്ല.ഒരു മിനിട്ട് കഴിഞ്ഞപ്പോൾ ആളുകളുടെ ബഹളം കേട്ടു.ഫോൺ കട്ട് ചെയ്ത ശേഷം ഇസ്രയേലിലുള്ള പെങ്ങളെ വിളിച്ചു. അവൾ പറഞ്ഞു, ശരിയാടാ അവിടെ അടുത്തൊരു സ്ഫോടനമുണ്ടായി.ചെറിയൊരു ചീള് അവിടെയും വീണു.അത് മാത്രമല്ലായിരുന്നെന്ന് എനിക്ക് അറിയാമായിരുന്നു, എന്തേലും ബുദ്ധിമുട്ടുണ്ടേൽ അവൾ എന്നെ വിളിക്കും." വിതുമ്പലോടെ സന്തോഷ് പറഞ്ഞു. ഇടുക്കി കീരിത്തോട് സ്വദേശി കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യയാണ് (32) കഴിഞ്ഞദിവസം ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.സൗമ്യ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന വീടിനു മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.

ആറ് മാസത്തിന് ശേഷം നാട്ടിലെത്തി സന്തോഷിനും ഏകമകൻ അഡോണിനുമൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന സൗമ്യയുടെ സ്വപ്നമാണ് ഇതോടെ പൊലിഞ്ഞത്. മൂന്നുവർഷത്തെ പ്രണയത്തിനുശേഷം വിവാഹം കഴിച്ച ഇരുവരും ഒരുമിച്ചു ജീവിച്ചത് രണ്ടു വർഷം മാത്രമാണ്. കല്യാണം കഴിഞ്ഞിട്ട് പത്തുവർഷമായെങ്കിലും എട്ടുവർഷവും സൗമ്യ ഇസ്രയേലിൽ ആയിരുന്നു. 13 വർഷം മുമ്പാണ് അയൽപക്കക്കാരായിരുന്ന സന്തോഷും സൗമ്യയും പ്രണയത്തിലായത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം സൗമ്യ ഇസ്രയേലിലേക്ക് പോവുകയായിരുന്നു. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി സൗമ്യ നാട്ടിൽ എത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമമാരംഭിച്ചു
സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇസ്രയേലിലെ നടപടിക്രമങ്ങൾ പൂർത്തിയായതായാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കുടുംബത്തെ അറിയിച്ചു. ഡീൻ കുര്യാക്കോസ് എം.പി വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തയച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്ക് മുമ്പായി മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 6.30 ഓടെയാണ് സൗമ്യ കൊല്ലപ്പെട്ടത്.

Advertisement
Advertisement