അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്

Thursday 13 May 2021 2:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതേതുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടങ്ങൾക്ക് ഇതുസംബന്ധിച്ച് മുന്നൊരുക്കങ്ങൾക്കായുളള നിർദേശം നൽകിയിട്ടുണ്ട്.

മറ്റന്നാൾ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിൽ ഇന്നും നാളെയും റെഡ് അലർട്ടാണ്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ഏറ്റവും അടുത്താണ്. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് ശനിയാഴ്‌ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഞായറാഴ്‌ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌ പടിഞ്ഞാറ് സഞ്ചരിക്കുമെന്നായിരുന്നു ആദ്യം നൽകിയിരുന്ന മുന്നറിയിപ്പ്.

വെള്ളിയാഴ്‌ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. കേരള തീരത്ത് 80 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാദ്ധ്യതയുണ്ട്. ശനിയാഴ്‌ചവരെ ഇത് തുടരും. ഞായറാഴ്‌ച കാറ്റിന് ശക്തികൂടും.

വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്‌ച പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്‌ച നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് ബുധനാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട്

മേയ് 14: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍

മേയ് 15: തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് എല്ലാജില്ലകളിലും

മേയ് 16: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്

യെല്ലോ അലര്‍ട്ട്

മേയ് 13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

മേയ് 14: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

മേയ് 15: തിരുവനന്തപുരം, കൊല്ലം,

മേയ് 16: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്