'ഡോക്ടർ, നഴ്‌സ് എന്നിവർ അല്ലാതെയുള്ള പരിശീലനം സിദ്ധിച്ചവർക്കും ഓക്സിജൻ നൽകാം'; മാർഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ

Thursday 13 May 2021 7:36 PM IST

കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ പ്രധാന ആവശ്യമായി വന്നിരിക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള മാർഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ. CFLTC, CSLTC, DCC തുടങ്ങിയ സംവിധാനങ്ങൾ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെ സജ്ജമാക്കിയിട്ടുണ്ടെന്നും ഈ സംവിധാനം കൂടുതൽ വിപുലപ്പെടുത്താനും വ്യാപിക്കാനും ശ്രമിക്കണമെന്ന് കാട്ടി ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്.

നഴ്സ്, ഡോക്ടർ തുടങ്ങിയവരാണ് സാധാരണ നിലയിൽ ഇത് കൈകാര്യം ചെയ്യാറുള്ളതെന്നും എന്നാൽ, ഇങ്ങനെ ഓക്സിജൻ സംഭരിച്ച സജ്ജീകരിച്ചാലും അത് ഉപയോഗിക്കാൻ സാങ്കേതിക വൈദഗ്ധ്യമുള്ളവരെ എല്ലായിടത്തും ഇപ്പോഴും ലഭ്യമാക്കുക ബുദ്ധിമുട്ടായേക്കാമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. സാന്ത്വന ചികിത്സ നഴ്സ്, ഇതര പാരം മെഡിക്കൽ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ മുതലായവരെ പരിശീലിപ്പിച്ചുകൊണ്ട് ഈ ബുദ്ധിമുട്ട് പരിഹരിക്കുവാൻ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ ശ്രമിക്കേണ്ടതാണെന്നും സർക്കാർ നിർദ്ദേശിക്കുന്നു.

അത്തരം ജോലികളിൽ നിന്നും വിരമിച്ചവരെയും എമ്പ്ലോയെന്റ് എക്സ്ചേഞ്ചിൽ രജിസ്ടർ ചെയ്തവരെയും ഇതിനായി പരിഗണിക്കാവുന്നതാണ്. ഈ രീതിയിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ആവശ്യത്തിനു പ്രവർത്തകർ ഉണ്ടെന്നു കോർ ടീം ഉറപ്പു വരുത്തണം. ആരോഗ്യ വിഭാഗം അവർക്ക് പരിശീലനം നൽകാൻ വേണ്ട നടപടികൾ അടിയന്തരമായി എടുക്കണം. ആർക്ക് എപ്പോഴാണ് ഓക്സിജൻ നൽകേണ്ടത്. എത്ര അളവിൽ, ഫ്ലോ റേറ്റ്, എത്ര നേരം, എങ്ങനെ മോണിറ്റർ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഡോക്ടർ തന്നെ ആയിരിക്കും.

ഇതിനായി നേരിട്ടോ ഹെല്പ് ഡെസ്ക് വഴിയോ ടെലി മെഡിസിൻ രീതിയിലോ സേവനം നൽകാൻ കഴിയുന്ന ഡോക്ടർമാരുടെ ടീമിനെ സജ്ജമാക്കണം. ഡോക്ടറുടെ നിര്ദേശ പ്രകാരമല്ലാതെ ഓക്സിജൻ നല്കാൻ പാടുള്ളതല്ല. രോഗിയുടെ സ്ഥിതി മനസ്സിലാക്കാൻ പൾസ് ഓക്സിമീറ്റർ തുടങ്ങിയ ആരോഗ്യ വിഭാഗം നിർദേശിക്കുന്ന ഉപകരണങ്ങൾ ഓരോ കേന്ദ്രത്തിലും ഉണ്ട് എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം ഉറപ്പു വരുത്തണം.

ഈ ഉപകരണങ്ങളുടെയും ഇതര പരിശോധനാ മാർഗങ്ങളുടെയും സഹായത്തോടെ രോഗിയുടെ വിവരങ്ങൾ ഡോക്ടറെ അറിയിച്ചു നിർദേശം വാങ്ങി വേണം രോഗിക്ക് ഓക്സിജൻ നൽകേണ്ടത്. അത് വരെ രോഗിയെ കമഴ്ത്തി കിടത്തി വേണം പരിചരിക്കാൻ. ഇതിനാവശ്യമായ വിശദമായ മാർഗ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്നതാണ്.

മാക്സിജൻ സിലിണ്ടറുകളും മറ്റും ഇത്തരം സ്ഥാപനങ്ങളിൽ സൂക്ഷിക്കുന്നതിനു പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുന്നതാണ്. അതിനു അനുസൃതമായുള്ള സംവിധാനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം. മേൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ കോർ ടീമും തല നൽകിയിട്ടുള്ള നോഡൽ ഓഫീസർക്ക് സെക്രട്ടറിക്ക് ആയിരിക്കും ഉത്തരവാദിത്വം. ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.