ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

Friday 14 May 2021 9:15 PM IST

ന്യൂഡൽഹി: ഇസ്രയേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചതാണിത്. ശനിയാഴ്ച രാവിലെ മൃതദേഹം ഡൽഹിയിൽ എത്തിക്കും.

വിമാനത്താവളത്തിൽ നേരിട്ടെത്തി മൃതദേഹം ഏറ്റുവാങ്ങുമെന്ന് വി. മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൃതദേഹം എയർഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽവച്ച് മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കവേയാണ് റോക്കറ്റ് വീടിന് മുകളിൽ പതിക്കുന്നതും സൗമ്യ കൊല്ലപ്പെടുന്നതും. സൗമ്യ പരിചരിച്ചിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മറ്റുളളവർക്ക് പരിക്കേറ്റിട്ടുണ്ട്. വീട് പൂർണമായും തകർന്നു