കനറാ ബാങ്ക് തട്ടിപ്പ്: വിജീഷിനായി ലുക്ക് ഒൗട്ട് നോട്ടീസ്

Saturday 15 May 2021 12:00 AM IST

പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരനായി പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസിറക്കി. ശാഖയിലെ കാഷ്യർ കം ക്ളാർക്കും വിമുക്തഭടനുമായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് തട്ടിപ്പുനടത്തിയത്. ഇയാൾ കുടുംബത്തോടൊപ്പം ഒളിവിലാണ്. ഭാര്യയും രണ്ടുംനാലും വയസ് വീതമുള്ള കുട്ടികളുമായാണ് ഇയാൾ ഒളിവിൽപ്പോയത്.

വിജീഷിന് മാത്രമാണ് പാസ്പോർട്ടുള്ളത്. ഇയാൾ രാജ്യം വിടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിത്. രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും സീ പോർട്ടുകളിലും ജാഗ്രതയുണ്ടാകും. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ ഇയാൾ തനിച്ച് രാജ്യംവിടാനും സാദ്ധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു.

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി ശുപാർശചെയ്തു. ക്രമക്കേടുമായി ബന്ധപ്പെട്ട് മാനേജരുൾപ്പെടെ അഞ്ചുപേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിലാണ് തട്ടിപ്പ് അധികൃതർ അറിയുന്നത്. 14മാസമായി ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നെന്ന് ഒാഡിറ്റിംഗിൽ കണ്ടെത്തി. നിക്ഷേപകരുടെ അക്കൗണ്ട് വിവരങ്ങൾ മനസിലാക്കി പണം വിജീഷിന്റെയും ഭാര്യയുടെയും ചില ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

Advertisement
Advertisement