വ്യാജവാറ്റ്: പരിശോധന ശക്തം

Saturday 15 May 2021 12:13 AM IST

പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് മദ്യ വില്പനയ്ക്ക് താത്കാലിക വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാജവാറ്റും വ്യാജ മദ്യവും ഒഴുകുന്നത് തടയാൻ പരിശോധന ശക്തമാക്കി എക്സൈസ്. ഈ മാസം 11 വരെ 88 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാജവാറ്റ് വ്യാപകമാണ്.

അട്ടപ്പാടി, വടക്കഞ്ചേരി തുടങ്ങിയ മലയോര മേഖല കേന്ദ്രീകരിച്ചാണ് പരിശോധന കൂടുതലും. ചെർപ്പുളശ്ശേരി, കല്ലടിക്കോട്, മുണ്ടൂർ, തൃത്താല, ഒറ്റപ്പാലം, അട്ടപ്പാടി എന്നിവിടങ്ങളിലാണ് കൂടുതൽ വാറ്റ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ മദ്യദുരന്തം ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണം.

വാറ്റ് നടന്ന പ്രദേശങ്ങളിലും പിടിയിലായ വ്യക്തികളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

 മേയ് 11 വരെ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ

ഇന്ത്യൻ നിർമ്മിത വിദേശമദ്യം- 28.5 ലിറ്റർ

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടത്തിയ മദ്യം- 423. 43 ലിറ്റർ

വാഷ്- 7487 ലിറ്റർ

ചാരായം- 35.5 ലിറ്റർ

കഞ്ചാവ്- 35.93 കിലോ

പുകയില ഉല്പന്നങ്ങൾ- 36.832 കിലോ

 കാടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റ്. ഇത്തരം സ്ഥലം കേന്ദ്രീകരിച്ച് പരിശോധന ശക്തമാണ്. മദ്യ നിർമ്മാണം, വിപണം, മയക്കുമരുന്ന് കടത്ത് എന്നിവ സംബന്ധിച്ച് പരാതി നൽകാൻ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. നിരവധി പരാതി കൺട്രോൾ റൂമിലേക്ക് വരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയും നടപടികളും ശക്തമാണ്.

-എക്സൈസ് ഡിവിഷൻ ഓഫീസ്, പാലക്കാട്.

Advertisement
Advertisement