കാലവർഷം മേയ് 31ന് തുടങ്ങും

Saturday 15 May 2021 12:23 AM IST

തിരുവനന്തപുരം:അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ തുടർച്ചയായി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടായതിന് പിന്നാലെ മേയ് 31ന് കാലവർഷവും ആരംഭിക്കുമെന്ന് കാലാവസ്ഥാകേന്ദ്രവും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും അറിയിച്ചു. ഇത്തവണത്തെ മൺസൂൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അധികൃതർ പറഞ്ഞു.

'ജൂൺ ഒന്നിനകം കേരളത്തിൽ മൺസൂൺ എത്തുമെന്ന് പ്രവചനം സൂചിപ്പിക്കുന്നു. ഇത് ആദ്യ കാലസൂചനയാണ്. ഈ വർഷത്തെ മൺസൂൺ സാധാരണയുള്ള ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏപ്രിൽ 16ന് നടത്തിയ പ്രവചനത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ അഞ്ചു ശതമാനം വരെ വ്യത്യാസമുണ്ടാകാമെന്നും പറയുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ രാജ്യത്ത് മൺസൂൺ മഴ ശരാശരിക്കും മുകളിലായിരുന്നു. എന്നാൽ ഇത്തവണ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. സാധാരണ നിലയിലായിരിക്കും ഇത്തവണത്തെ മൺസൂൺ.കാർഷിക മേഖലയേയും സമ്പദ് വ്യവസ്ഥയേയും സഹായിക്കുന്ന തരത്തിലായിരിക്കും വരാൻ പോകുന്ന മൺസൂൺ എന്നും അധികൃതർ വിലയിരുത്തുന്നുണ്ട്.