പൊന്നാനി തീരത്ത് കടലാക്രമണം രൂക്ഷം

Saturday 15 May 2021 12:01 AM IST
പൊന്നാനി തീരത്ത് കടൽ വെള്ളം കേറിയ നിലയിൽ

പൊന്നാനി: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് പൊന്നാനി തീരത്ത് രൂക്ഷമായ കടലാക്രമണം. പൊന്നാനി അഴിമുഖം മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെ തീരദേശത്തെ എഴുപതോളം വീടുകൾ ഭാഗികമായി തകർന്നു. മുന്നൂറിൽ പരം വീടുകളിലേക്ക് വെള്ളം കയറി. കടലിനോട് ചേർന്ന് താമസിക്കുന്ന തീരദേശത്തെ മുഴുവൻ കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

പൊന്നാനി അഴീക്കൽ മുതൽ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷം. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാർ പളളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി, പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീർ നഗർ എന്നിവിടങ്ങളിൽ കടൽ തീരത്തേക്ക് ആഞ്ഞടിക്കുകയാണ്.

വേലിയേറ്റ സമയമായ ഉച്ചമുതൽ വൈകിട്ട് വരെയുള്ള സമയങ്ങളിലാണ് കടൽ തിരമാലകൾ ആഞ്ഞടിച്ചെത്തിയത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകൾ ഏത് നിമിഷവും നിലം പൊത്തുമെന്ന സ്ഥിതിയിലാണ്. കടൽഭിത്തികൾ പൂർണ്ണമായും ഇല്ലാത്ത ഭാഗങ്ങളിൽ തിരമാലകൾ നേരിട്ട് വീടുകളിലേക്കെത്തുകയാണ്. തീരത്തെ റോഡുകൾക്കപ്പുറത്തേക്കും തിരമാലകൾ ആഞ്ഞടിക്കുന്നുണ്ട്. ഇത് റോഡുകളെ തകർച്ചാ ഭീഷണിയിലാക്കുന്നു. തിരമാലകൾക്കൊപ്പമുള്ള മണൽ റോഡുകളിൽ അടിഞ്ഞുകൂടിയത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. കടലാക്രമണത്തെ പ്രതിരോധിക്കാൻ ചാക്കുകളിൽ മണൽ നിറച്ച് വീടിന് മുന്നിൽ ഇടുന്നുണ്ടെങ്കിലും ശക്തമായ തിരയിൽ ഇവയും കടലെടുക്കുകയാണ്.

രൂക്ഷമായ കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിയുക്ത എം.എൽ.എ പി. നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥ തല യോഗം ചേർന്നു. അടിയന്തര ഇടപെടലിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. പൊലീസ്, ഫയർ ഫോഴ്സ്, കെ എസ് ഇ ബി എന്നിവർ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സന്നദ്ധമാകണമെന്ന് യോഗം തീരുമാനിച്ചു.

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

  • മുറിഞ്ഞഴി മേഖലയിലാണ് കടലാക്രമണം ഭീതി വിതയ്ക്കുന്നത്. തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്. കടൽവെള്ളം തീരത്ത് കെട്ടി നിൽക്കുകയാണ്.
  • കടൽഭിത്തി ഭേദിച്ചെത്തുന്ന തിരമാലകൾ തീരത്ത് വെള്ളക്കെട്ട് തീർത്തിരിക്കുകയാണ്.
  • കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനുള സാദ്ധ്യത കണക്കിലെടുത്ത് തീരത്തുള്ളവരോട് വീടൊഴിയാൻ നഗരസഭയും റവന്യു അധികൃതരും നിർദ്ദേശിച്ചിട്ടുണ്ട്.
  • പൊന്നാനി എം.ഇ.എസ് എച്ച്.എസ്.എസ് , വെളിയങ്കോട് ജി.എഫ്.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരിക്കുന്നത്.
  • കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ രണ്ട് ക്യാമ്പുകൾ നാല് മേഖലകളായി തിരിക്കും.
  • രോഗികൾ, നിരീക്ഷണത്തിലിരിക്കുന്നവർ, പ്രായമുള്ളവർ എന്നിങ്ങനെ വേർതിരിച്ച് താമസിപ്പിക്കും.
Advertisement
Advertisement