ആംബുലൻസ് നൽകിയില്ല:പിക്കപ്പിൽ കൊണ്ടുപോയ രോഗി മരിച്ചു 

Saturday 15 May 2021 12:00 AM IST

കാസർകോട്:ബന്ധപ്പെട്ട പ്രൈമറി ഹെൽത്ത് സെന്ററിന്റെ പരിധിക്ക് പുറത്ത് വരില്ലെന്ന് പറഞ്ഞ് ആംബുലൻസ് എത്തിക്കാതിരുന്നതിനെ തുടർന്ന് പിക്കപ്പ് ജീപ്പിൽ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു.

രണ്ട് ആശുപത്രികളിൽ പിക്കപ്പിലെത്തിച്ച രോഗിയെ

വിദഗ്ദ്ധ ചികിത്സയ്ക്കായി മൂന്നാമത്തെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകവേയായിരുന്നു മരണം. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പത്താം വാർഡിൽ കൂരാംകുണ്ട് സ്വദേശി സാബു വട്ടംതടത്തിനാണ് (58) ജീവൻ നഷ്ടമായത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണംസംഭവിച്ചത്. ഒരു വർഷംമുമ്പ് പരിയാരം മെഡി.കോളേജിൽ ഹൃദയസംബന്ധമായി ചികിത്സനടത്തിയിരുന്നു.

സാബുവിന്റെ വസതി കരിന്തളം പഞ്ചായത്തിലാണെങ്കിലും തൊട്ടടുത്തുള്ളത് വെള്ളരിക്കുണ്ട് പഞ്ചായത്തിലെ പി.എച്ച്.സിയാണ്. അതിനാലാണ് അവിടത്തെ ആംബുലൻസിന്റെ സേവനം തേടിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ സഹായം അഭ്യർത്ഥിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് പിക്കപ്പ് വരുത്തി പത്തു മണിയോടെ പതിനഞ്ചു കിലോ മീറ്ററോളം അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം അവിടെനിന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്കും പിക്കപ്പിൽ തന്നെ കൊണ്ടുപോകേണ്ടിവന്നു. രോഗനില വഷളായതിനാൽ അവിടെ നിന്ന് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു.

സാബുവിന്റെ ഭാര്യയും മകളും കൊവിഡ് ബാധിതരായിരുന്നു.

കൊവിഡ് ആണെന്ന സംശയത്തിൽ പി.പി.ഇ. കിറ്റണിഞ്ഞ നാലുപേർ കിടക്കയോടെ സാബുവിനെ പിക്കപ്പിൽ കൊണ്ടുപോവുകയായിരുന്നു.

പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ഫലമാണ് ലഭിച്ചത്.

സാബുവിന്റെ വീട്ടിലേക്ക് മറ്റ് വാഹനങ്ങൾ ഇറങ്ങില്ലെന്നും അതുകൊണ്ടാണ് പിക്കപ്പ് വിളിച്ചുവരുത്തിയതെന്നും പെട്ടെന്ന് ആംബുലൻസ് കിട്ടാത്തതിനാൽ അതേ വാഹനത്തിൽ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെന്നുമാണ് വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്ത് സി. ഫിലിപ്പ് പറഞ്ഞത്. വാർഡ് മെമ്പറും ജാഗ്രത സമിതി അംഗങ്ങളും ഒരുമിച്ച് ഉണ്ടായെന്നും മറ്റു പരാതികൾ ഇല്ലെന്നും വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു.

Advertisement
Advertisement