ഏലയ്ക്കാ ലേലം: കരിനിഴലായി കൊവിഡും ലോക്ക്ഡൗണും

Sunday 16 May 2021 3:16 AM IST

കൊച്ചി: അനുദിനം കുതിക്കുന്ന കൊവിഡ് കേസുകളും കടുത്ത നിയന്ത്രണങ്ങളും മൂലം ഏലയ്‌ക്കായുടെ ഇ-ലേലത്തിൽ നിന്ന് വിട്ടുനിന്ന് വ്യാപാരികൾ. വിലത്തകർച്ച തുടർക്കഥയായതും ലേലത്തിൽ നിന്ന് വ്യാപാരികളെ അകറ്റുകയാണ്. കഴിഞ്ഞവർഷം 3,000-7,000 രൂപനിരക്കിൽ കിലോയ്ക്ക് വിലയുണ്ടായിരുന്ന ഏലത്തിന് കഴിഞ്ഞവാരം വില 900 രൂപയ്ക്കു താഴെയാണ്.

നിയന്ത്രണങ്ങൾ മൂലം വ്യാപാരത്തിന് തടസമുള്ളതും തൊഴിലാളി ക്ഷാമവും ഏലവിപണിയെ വലയ്ക്കുന്നുണ്ട്. ഇടുക്കിയിലെ പുറ്റടിയിലും തമിഴ്നാട്ടിലെ ബോഡിനായ്‌ക്കന്നൂരിലുമാണ് ഏലയ്ക്കായുടെ ഇ-ലേലങ്ങൾ നടക്കാറുള്ളത്. ശരാശരി 9-10 കോടി രൂപയുടെ വില്പന ഇവിടെ പ്രതിദിനം നടക്കും. കഴിഞ്ഞവർഷവും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏലയ്ക്കാ ഇ-ലേലത്തെ ബാധിച്ചിരുന്നില്ല. ഇക്കുറി ലേലത്തിൽ പങ്കെടുക്കാൻ പോലും സാധിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഈ സാഹചര്യത്തിൽ ലേലം നടത്തുക പ്രയാസമാണെന്ന് ഇവർ സ്‌പൈസസ് ബോർഡിനെയും അറിയിച്ചിട്ടുണ്ട്.

സാധാരണ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കേരളത്തിലും ഉത്തരേന്ത്യയിലും മികച്ച ഡിമാൻഡ് ലഭിക്കാറുള്ളതിനാൽ ഏലയ്ക്കാ വില കുതിക്കാറുണ്ട്. മാർച്ചിൽ കേരളത്തിൽ തുടങ്ങി ഏപ്രിലോടെ ഉത്തരേന്ത്യയിലും ഡിമാൻഡ് കൂടുകയാണ് പതിവ്. കൊവിഡ് കേസുകളും ലോക്ക്ഡൗണും മൂലം ഇക്കുറി ഡിമാൻഡ് രണ്ടിടത്തും കൂപ്പുകുത്തി. ഈമാസം ഒന്നിനാണ് റെക്കാഡ് താഴ്‌ചയായ കിലോയ്ക്ക് 861 രൂപ ഏലയ്ക്ക രേഖപ്പെടുത്തിയത്.