പത്ര ഏജന്റുമാരെയും കൊവിഡ് പോരാളികളായി അംഗീകരിക്കണം

Sunday 16 May 2021 12:00 AM IST

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനവും ബോധവത്കരണവും മുടങ്ങാതെ വായനക്കാരിലെത്തിക്കുന്ന പത്ര ഏജന്റുമാരെയും വിതരണക്കാരെയും കൊവിഡ് മുന്നണിപ്പോരാളികളായി അംഗീകരിച്ച് വാക്സിനേഷനിൽ മുൻഗണന നൽകണമെന്ന ആവശ്യം ശക്തമാകുന്നു.

കൊവിഡ് വ്യാപന തീവ്രതയും പ്രതിരോധ നിയന്ത്രണങ്ങളും ജനങ്ങളറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. കൃത്യമായി ഇത്തരം വിവരങ്ങൾ ജനങ്ങളിലെത്തിയില്ലെങ്കിൽ കൊവിഡ് പ്രതിരോധം പാളും. ഇതുവരെ ഇങ്ങനെ സംഭവിക്കാതിരുന്നതിൽ നിർണായക പങ്ക് പത്രവിതരണക്കാർക്കും ഏജന്റുമാർക്കമുണ്ട്.

കൊവിഡ് ഭീതിയിൽ ജനം പുറത്തിറങ്ങാൻ ഭയക്കുമ്പോഴാണ് ഇവർ എല്ലാവർക്കും പത്രം എത്തിക്കുന്നത്. കൊവിഡ് അതിതീവ്രമായി പടരുന്ന മേഖലകളിലും കൊവിഡ് ബാധിതരുടെ വീടുകളിലും പത്രവിതരണം മുടങ്ങിയിട്ടില്ല. അതിനാൽ പത്ര ഏജന്റുമാർക്കും വിതരണക്കാർക്കും പ്രത്യേക പരിഗണന നൽകണമെന്നാണ് ആവശ്യം.

ഒന്നരലക്ഷം

ഏജന്റുമാർ

സംസ്ഥാനത്ത് ഏകദേശം ഒന്നരലക്ഷം പത്ര ഏജന്റുമാരുണ്ടെന്നാണ് കണക്ക്. അതിന്റെ മൂന്നിരട്ടിയോളം വിതരണക്കാരുമുണ്ട്. ഏജന്റുമാരിൽ പകുതിയോളം പേർ 45ന് വയസ് കഴിഞ്ഞവരാണ്. ഇവരിൽ ചെറിയൊരു വിഭാഗത്തിന് മാത്രമേ വാക്സിൻ ലഭിച്ചിട്ടുള്ളു. വിതരണക്കാരിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാണ്. 45 വയസിൽ താഴെയുള്ള ഇവർ മുൻഗണനാ വിഭാഗത്തിൽ പെടാത്തതിനാൽ അദ്യ ഡോസ് കിട്ടാൻ കാത്തിരിക്കേണ്ടി വരും.

'' പത്ര വിതരണക്കാരെയും ഏജന്റുമാരെയും മാദ്ധ്യമങ്ങളുടെ ഭാഗമായി തന്നെ കാണണം. ഈ വിഭാഗത്തിന് കൊവിഡ് വാക്സിനേഷനിൽ മുൻഗണന നൽകുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണം.

ചന്ദ്രമതി പീതാംബരൻ

കേരളകൗമുദി ഏജന്റ്, മയ്യനാട്

Advertisement
Advertisement