ആശുപത്രിയിൽ 'കാണാതായ" സ്വർണം മൃതദേഹം ഏറ്റുവാങ്ങില്ലെന്നറിയിച്ചപ്പോൾ തിരിച്ചെത്തി

Sunday 16 May 2021 12:33 AM IST

ആലുവ: കൊവിഡിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൃദ്ധയുടെ സ്വർണം കാണാതായി. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടെടുക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ സ്വർണം തിരിച്ചുനൽകി അധികൃതർ തലയൂരി.

വരാപ്പുഴ ചിറക്കകം പാക്കത്തുപറമ്പിൽ പി.കെ. ശശിയുടെ ഭാര്യ രത്നം (66) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് രത്നത്തിന്റേതെന്ന് പറഞ്ഞ് സ്വർണവള മാത്രമാണ് അധികൃതർ നൽകിയത്. രത്നത്തിന് മക്കളില്ലാത്തതിനാൽ മറ്റ് ബന്ധുക്കളാണ് എത്തിയത്. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് പോകുമ്പോൾ അഞ്ച് വള, കമ്മൽ, മോതിരം എന്നിവ രത്നം അണിഞ്ഞിരുന്നതായി കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഹിന്ദു ഐക്യവേദിയുടെയും സേവാഭാരതിയുടെയും പ്രവർത്തകർ ആശുപത്രിയിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രി സൂപ്രണ്ടിനും, ആലുവ, വരാപ്പുഴ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി. വിഷയത്തിൽ ജനപ്രതിനിധികളും ഇടപ്പെട്ടതോടെ വെട്ടിലായ ആശുപത്രി അധികൃതർ രണ്ട് മണിക്കൂറിനകം ബാക്കി സ്വർണം സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. ശിവപ്രസാദിനെ വിളിച്ചുവരുത്തി കൈമാറി.

മരണശേഷം സ്വർണം ഊരിയെടുത്ത് സൂക്ഷിച്ച ജീവനക്കാർക്ക് സംഭവിച്ച ആശയക്കുഴപ്പമാണ് പ്രശ്നമായതെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. രത്നത്തിന്റെ ഭർത്താവ് ശശി ഹിന്ദു ഐക്യവേദി വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്.

Advertisement
Advertisement