പ്രളയ മുന്നറിയിപ്പ്, മുന്നൊരുക്കങ്ങളുമായി റവന്യൂവകുപ്പ്, ആശങ്കയില്ലാതെ നാട്ടുകാർ

Sunday 16 May 2021 12:33 AM IST
മണിമലയാറ്റിലെ ജലനിരപ്പ് ജലമാപിനിയുടെ പശ്ചാത്തലത്തിൽ

മല്ലപ്പള്ളി : അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും ടൗക്തേ ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിൽ കേന്ദ്ര ജലവിഭവ കമ്മിഷന്റെ മുന്നറിയിപ്പ് ആശങ്കയ്ക്കിടയാക്കി. മണിമലയാറ്റിൽ കല്ലൂപ്പാറയിൽ പ്രളയസാദ്ധ്യതയെന്ന് മാദ്ധ്യമങ്ങളിൽ വാർത്ത പരന്നതും ഭീതിക്ക് കാരണമായി. എന്നാൽ മഴതുടരുന്ന പശ്ചാത്തലത്തിൽ കിഴക്കൻ പ്രദേശത്ത് ഉരുൾപ്പൊട്ടൽപോലുള്ള കനത്ത പ്രകൃതിക്ഷോഭം ഉണ്ടായെങ്കിൽ മാത്രമെ പ്രളയസാദ്ധ്യത ഉണ്ടാകുകയുള്ളുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം മുന്നറിയിപ്പ് ആരും അവഗണിക്കുന്നുമില്ല.

കല്ലൂപ്പാറയിൽ ആശങ്ക എങ്ങനെ ?

കല്ലൂപ്പാറ പഞ്ചായത്തിലെ കറുത്തവടശേരികടവ് - കോമളം റോഡിൽ അമ്പാട്ടുഭാഗത്ത് കേന്ദ്ര വാട്ടർ കമ്മിഷൻ ജൂണിയർ എൻജിനിയർ ഓഫീസ് ഏറെക്കാലമായി പ്രവർത്തിക്കുന്നുണ്ട്. പ്രളയസാദ്ധ്യതാ കാലത്താണ് ഓഫീസ് സജീവമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മണിമലയാർ ഇരുകരമുട്ടി ഒഴുകുമ്പോൾ ഇവിടെ എത്തിയ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്ത് പ്രകാരമാണ് കേന്ദ്രത്തിൽ നിന്ന് ഓറഞ്ച് അലേർട്ട് ഇന്നലെ രാവിലെ പുറപ്പെടുവിച്ചത്. പ്രളയ സാദ്ധ്യത അളക്കുവാൻ നിരവധി സംവിധാനങ്ങൾ ഉള്ള ഇവിടെ, ഇരുകരയെയും ബന്ധിപ്പിച്ച് വിവിധ നിറത്തിലുള്ള തുണികൾ തൂക്കിയിട്ട രണ്ട് റോപ്പുകളും വിവിധ സ്ഥലങ്ങളിൽ അളവുകോലുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കണക്കെടുപ്പിന് ബോട്ടും പൊക്കം അറിയുന്നതിന് വിവിധ നിലകളിൽ സ്ഥാപിച്ച തൂണുകളും അടയാളങ്ങളുമുണ്ട്. മണിമലയാറ്റിലേക്ക് ഇറങ്ങുന്ന പടവുകളിൽ മൂന്ന് തട്ടിലായി സ്ഥാപിച്ചിട്ടുള്ള അളവുകോലുകളിൽ താഴത്തേതിൽ ഇന്നലെ വൈകുന്നേരം 6.8 മീറ്റർ ജലവിതാനം രേഖപ്പെടുത്തി. സാധാരണ നില 6 മീറ്ററാണ്. ഇതിൽ നിന്ന് 80 സെന്റീമീറ്റർ മാത്രമാണ് ജലനിരപ്പ് വർദ്ധിച്ചിട്ടുള്ളത്.

ഭയക്കേണ്ടതില്ലെന്ന് സമീപവാസികൾ

35 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ജലമാപിനികളിൽ വിവിധ കാലങ്ങളിലെ പ്രളയനില രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 2018-ലെ മഹാപ്രളയനിലയിലേക്ക് ഇപ്പോഴത്തെ ജലവിതാനം ഉയരണമെങ്കിൽ കുറഞ്ഞത് 10 മീറ്റർ എങ്കിലും വേണമെന്ന് സമീപവാസികൾ പറയുന്നു.

കേന്ദ്ര അറിയിപ്പിനെ തുടർന്ന് ആവശ്യമായ ആളുകളെ മാറ്റി പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കി. റവന്യൂ വകുപ്പിന് പുറമെ എല്ലാവകുപ്പുകളുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

ദിവ്യാ കോശി,

കല്ലൂപ്പാറ വില്ലേജ് ഓഫീസർ

അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് സേന സജ്ജമാണ്. മുന്നറിയിപ്പുകളൊന്നും അവഗണിക്കാനാകില്ല. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആവശ്യമുള്ള ക്രമീകരണം ഒരുക്കും.

സി.ടി. സഞ്ജയ്,

ഇൻസ്‌പെക്ടർ ഫ് പൊലീസ്

Advertisement
Advertisement